മനാമ: ലോക ശുചീകരണദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ജനാബിയ, മാൽകിയ ബീച്ചുകളിൽ നടന്ന ശുചീകരണപ്രവർത്തനങ്ങളിൽ 1400 കിലോഗ്രാമോളം മാലിന്യം ശേഖരിച്ചു. ബഹ്റൈനിൽ നടന്ന ഏഴാമത് ലോക ശുചീകരണ ദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ 500ലധികം വളന്റിയർമാർ പങ്കെടുത്തു. നോർത്തേൺ ഗവർണറേറ്റുമായി സഹകരിച്ചാണ് ക്ലീൻഅപ് ബഹ്റൈൻ ഈ പരിപാടി സംഘടിപ്പിച്ചത്. വെറും രണ്ട് മണിക്കൂറിനുള്ളിൽ വലിയ അളവിലുള്ള മാലിന്യം നീക്കാൻ വളന്റിയർമാർക്ക് സാധിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ ഇൻസ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയും ഈ പരിപാടിയിലൂടെ വ്യക്തമാക്കുന്നു. 2018 മുതൽ ബഹ്റൈനിലെ വിവിധ തീരങ്ങളിൽനിന്ന് 58,000 കിലോഗ്രാമിൽ അധികം മാലിന്യം ക്ലീൻ അപ് ബഹ്റൈൻ നീക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം മാത്രം 3300 കിലോഗ്രാം മാലിന്യമാണ് ശേഖരിച്ചത്. ശേഖരിച്ച പൊതുമാലിന്യങ്ങൾ അസ്കർ ലാൻഡ്ഫില്ലിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി അയക്കുകയും ചെയ്തു.
മാലിന്യമലിനീകരണത്തിനെതിരെ കൂട്ടായ പ്രവർത്തനം ലക്ഷ്യമിട്ടുള്ള ഒരു ആഗോള ദിനാചരണമാണ് ലോക ശുചീകരണ ദിനം. 2018ൽ 'ലെറ്റ്സ് ഡു ഇറ്റ്! വേൾഡ്' എന്ന ആഗോള സംഘടനയാണ് ഇതിന് തുടക്കമിട്ടത്.
ലോക ജനസംഖ്യയുടെ അഞ്ച് ശതമാനത്തെ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.