മനാമ: ശനിയാഴ്ച ജുഫൈറിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവരെ ഹൂറയിലെ അഹമ്മദ് അൽ ഉംറാൻ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഹമദ് ടൗണിലെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. ജുഫൈറിലെ താമസക്കാരായ പല കുടുംബങ്ങളെയും ഇവിടെ താമസിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി മനാമയിലും മുഹറഖിലും ഉണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മൂന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആളുകളെ മാറ്റിയത്.
ഹമദ് ടൗണിലെ സ്‌കൂളിലേക്ക് മാറ്റിയ താമസക്കാർക്ക് ഭക്ഷണവും കിടക്കാനുള്ള സൗകര്യങ്ങളും ഉൾപ്പെടെയുള്ളവ അധികൃതർ ഒരുക്കി നൽകി. പല താമസക്കാരും പിന്നീട് സ്വന്തം നിലയിൽ ഹോട്ടലുകളിലേക്കും മറ്റ് സുരക്ഷിത ഇടങ്ങളിലേക്കും മാറി. പഴയ ലിസ്റ്റിലെ വിവരങ്ങൾ കണ്ട് പലരും തെറ്റായ എമർജൻസി ഷെൽട്ടറുകളിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ എത്തിയ ചിലർക്ക് അവിടെ നിന്ന് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് മന്ത്രാലയം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ഔദ്യോഗിക വാർത്താ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.