ശക്തമായ പ്രതിഷേധവുമായി ജി.സി.സി മന്ത്രിതല യോഗം

മനാമ: യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി മന്ത്രിതല സമിതി. വീഡിയോ കോൺഫറൻസ് വഴി നടന്ന അമ്പതാമത് അസാധാരണ യോഗത്തിലാണ് ആക്രമണത്തെ സമിതി ശക്തമായി അപലപിച്ചത്. ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങൾ സാധാരണക്കാരെയും സിവിൽ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് യോഗം വിലയിരുത്തി. ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ജി.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി. ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും, ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൊത്തം ജി.സി.സിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സമിതി ആവർത്തിച്ചു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ 51-ാം അനുച്ഛേദപ്രകാരം, തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് തരത്തിലുള്ള തിരിച്ചടി നൽകാനും അംഗരാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് യോഗം വ്യക്തമാക്കി. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യു.എൻ രക്ഷാസമിതിയോട് ജിസിസി ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളുടെ സായുധ സേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയിലാണെന്നും ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ടുവരികയാണെന്നും സമിതി പ്രശംസിച്ചു.

ഇറാനുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് ജി.സി.സി എപ്പോഴും ആഗ്രഹിക്കുന്നതെന്ന് ആവർത്തിച്ച സമിതി, ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളെയും അഭിനന്ദിച്ചു.

Tags:    
News Summary - GCC ministerial meeting with strong protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-03 07:32 GMT