ഉമ്മു അമ്മാർ
ലോകം സ്ത്രീയുടേതും പുരുഷന്റേതുമാണ്. പൗരാവകാശങ്ങളേയും വ്യക്തിസ്വാതന്ത്ര്യത്തേയും വളരെ പ്രാധാന്യത്തോടെ കാണുന്നതിൽ ലോകരാജ്യങ്ങൾ ഇന്ന് വളരെ മുൻപന്തിയിലാണെന്ന് നമുക്കറിയാം. യു.എ.ഇയിൽ സ്ത്രീകളെ അപമാനിച്ചാൽ രണ്ട് ലക്ഷം രൂപ പിഴയും തടവുശിക്ഷ വേറെയും അനുഭവിക്കേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത് നാമോരുത്തരും അറിഞ്ഞ കാര്യമാണ്.
ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി സ്ത്രീക്കും പുരുഷനും തുല്യസ്ഥാനം നല്കിയിട്ടും വനിതാപ്രാതിനിധ്യം അമ്പത് ശതമാനക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'നിങ്ങൾ പാർട്ടിയെ തകർക്കാൻവേണ്ടി നടക്കുകയാണോ' എന്ന നേതാവിന്റെ മറുപടി വനിതാപ്രാതിനിധ്യം 50 ശതമാനം വന്നാൽ പാർട്ടി തകരുമെന്ന ധ്വനി നൽകുന്നു.
പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും പൊതുസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ലിംഗാടിസ്ഥാനത്തിലുള്ള ഒരു വിവേചനവും പാടില്ലെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു. ജാതി, മത, ഭാഷ, വർഗ, വർണ, ലിംഗ വിവേചനം അരുതെന്ന് അന്താരാഷ്ട്ര നിയമങ്ങളും അനുശാസിക്കുന്നു. എന്നിട്ടും ഹിജാബിന്റെ പേരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നു. സ്കൂളുകളിൽ ആൺകുട്ടികൾ ധരിക്കുന്ന അതേ യൂനിഫോം പെൺകുട്ടികളും ധരിക്കണമെന്ന് നിയമം കൊണ്ടുവരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അക്രമം ഇന്ന് വ്യാപകമാണ്. നിയമവാഴ്ചയുടെ ദുർബലാവസ്ഥയാണ് ഇതിന് കാരണം. നിയമങ്ങൾ കർക്കശമാണെങ്കിലും അത് നടപ്പിലാക്കേണ്ടവർ അക്രമത്തിനും അനീതിക്കും കൂട്ടുനില്ക്കുന്നവരായി മാറുന്നുവെന്നതാണ് വിരോധാഭാസം. സ്ത്രീകൾക്കെതിരെയുള്ള കടന്നുകയറ്റത്തിനും അക്രമത്തിനും ശാശ്വതപരിഹാരം കാണാൻ കഴിയുന്നതരത്തിൽ ശാസ്ത്രീയമായ കുറ്റാന്വേഷണവും വേഗത്തിലുള്ള വിചാരണയും നീതി നടപ്പാക്കുന്നതിനുള്ള കർത്തവ്യബോധ്യവും സുതാര്യതയും ഉണ്ടാവേണ്ടതുണ്ട്. അത്തരമൊരു മാറ്റത്തിന് കൂടി സ്ത്രീകൾ മുന്നോട്ടുവരേണ്ട അവസ്ഥയാണിന്നുള്ളത്. നീതിന്യായ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം ഇതിന് അനിവാര്യമാണ്.
മുതലാളിത്തം ഉല്പാദിപ്പിക്കുന്ന ലിബറലിസത്തിന്റെയും പുരുഷമേധാവിത്വ പ്രവണതയുടെയും ഇരകളാണ് സ്ത്രീകൾ. അവർ ആദരിക്കപ്പെടുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടം ഓർമപ്പെടുത്തുന്ന ദിനം കൂടിയാണ് അന്താരാഷ്ട്ര വനിതദിനം. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിലും അവകാശപോരാട്ടങ്ങളിലും നിറസാന്നിധ്യമാണ് സ്ത്രീകൾ. അന്താരാഷ്ട്ര തലത്തിൽതന്നെ ഇന്ത്യയിൽ നടക്കുന്ന സ്ത്രീപോരാട്ടങ്ങൾ ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുണ്ട്. ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന തൊഴിലിടങ്ങളിലെ സ്ത്രീകൾ, ദലിതർ, ഗിരിവർഗക്കാർ, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീസമൂഹം തുടങ്ങി ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥ മാറ്റിയെടുക്കാൻ ഒന്നിച്ചു നില്ക്കേണ്ട അവസരം കൂടിയാണിത്.
നിലവിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന് നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും അസംഘടിതരായ കോടിക്കണക്കായ സ്ത്രീ സമൂഹത്തിന്റെ ശബ്ദം ഏകീകരിക്കപ്പെടുകയും സമരവേദികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അവകാശങ്ങൾക്കായി എന്നും തെരുവിൽ നില്ക്കേണ്ടിവരുന്ന ഒരുലോകത്ത് വനിതദിനമായി ആചരിക്കുന്ന മാർച്ച് എട്ടിന് പോരാട്ട വീര്യത്തിന്റെ പുതുനാമ്പുകളെ നമുക്ക് പാകിവെക്കാം. എല്ലാ പോർമുഖങ്ങളിലും വീരചരിതം രചിച്ച മഹിളാരത്നങ്ങളുടെ ചരിത്രം അയവിറക്കാം. അത്തരം ചരിത്ര സാക്ഷ്യങ്ങളെ സമകാലിക സമൂഹത്തിൽ ആവാഹിച്ച് പുതിയ ഇടങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.