ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പ്

മനാമ: ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിച്ച് പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായി നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻ.സി.എസ്.സി) മുന്നറിയിപ്പ് നൽകി. വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കാനും വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്താനും ശ്രമിക്കുന്നത്.

വ്യാജ ലിങ്കുകൾ ഉപയോഗിച്ച് യഥാർഥ വെബ്സൈറ്റുകളോട് സാദൃശ്യമുള്ള രീതിയിലാണ് തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കുന്നത്. ഫീസ് അടയ്ക്കുന്നതിനോ, വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ നൽകുന്നതിനോ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇവർ അയക്കുന്നത്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും തട്ടിപ്പുകാർക്ക് സാധിക്കുന്നു. ഇത്തരം സന്ദേശങ്ങളുമായി സംവദിക്കുന്നതിനോ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനോ എതിരെ അതോറിറ്റികൾ ശക്തമായ മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

സർക്കാർ ഏജൻസികൾ ഒരിക്കലും ടെക്സ്റ്റ് മെസേജുകൾ വഴി വ്യക്തിഗതമോ ബാങ്കിങ് വിവരങ്ങളോ ആവശ്യപ്പെടുന്നില്ലെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആവർത്തിച്ച് വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും സെന്റർ നിർദേശിച്ചു. ഈ മുന്നറിയിപ്പുകൾ അവഗണിക്കാതെ, പൊതുജനങ്ങൾ വിവര സുരക്ഷ ഉറപ്പാക്കണമെന്നും തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Warning of increasing cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.