നിബ്രാസ് താലിബ്
മനാമ: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വേതന സംരക്ഷണ സംവിധാനം (ഡബ്യു.പി.എസ്) നവീകരിക്കുന്നതിന്‍റെ അന്തിമ ഒരുക്കങ്ങൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആരംഭിച്ചു.എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സമയബന്ധിതമായി വേതനം നൽകുന്നതിനായുള്ള സമഗ്രമായ ചട്ടക്കൂടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീകരിച്ച ഡബ്യു.പി.എസുമായി പൂർണ്ണമായും യോജിച്ച സാമ്പത്തിക സ്ഥാപനങ്ങളുടെ പേരുകൾ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ തൊഴിൽ അന്തരീക്ഷം വികസിപ്പിച്ചെടുക്കുന്നതിൽ ബഹ്‌റൈൻ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി ചെയർമാനുമായ നിബ്രാസ് താലിബ് പറഞ്ഞു. ഇത് രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യതയും അംഗീകാരവും നേടിക്കൊടുത്തു. വിവേചനമില്ലാതെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടാണ് രാജ്യത്തിനുള്ളത്. ഇത് ബഹ്‌റൈനെ നിക്ഷേപകർക്ക് ആകർഷകമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മനുഷ്യക്കടത്ത് പ്രതിരോധത്തിൽ ബഹ്‌റൈൻ തുടർച്ചയായ എട്ടാം വർഷവും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാർഷിക 'ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ് ' റിപ്പോർട്ടിൽ ടോപ്പ്-റാങ്കിംഗ് സ്റ്റാറ്റസ് നിലനിർത്തിയിരുന്നു. ഇത് മനുഷ്യാവകാശങ്ങളോടും തൊഴിൽ സംരക്ഷണത്തോടുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
പുതിയ വേതന സംരക്ഷണ സംവിധാനം എൽ.എം.ആർ.എ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ, സാമ്പത്തിക മേഖല എന്നിവയെ ബന്ധിപ്പിക്കുന്ന പൂർണ്ണമായും സംയോജിപ്പിച്ച ഒരു പ്ലാറ്റ്‌ഫോമാണ്. ഇത് കൃത്യമായ വിവരങ്ങൾ ഉറപ്പാക്കുകയും, മേൽനോട്ടം ശക്തിപ്പെടുത്തുകയും, തൊഴിൽ വിപണിയിലുടനീളം സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നിബ്രാസ് താലിബ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.