'ന്യൂ ഹൊറിസോൺ' സ്കൂളിൽ നടന്ന യു.എൻ ദിനാഘോഷം
മനാമ: ലോക സമാധാനം, സഹകരണം, ആഗോള പൗരത്വം എന്നിവ ഉയർത്തിപ്പിടിച്ച് ന്യൂ ഹൊറിസോൺ സ്കൂളിൽ ഐക്യരാഷ്ട്രസഭദിനം സമുചിതമായി ആഘോഷിച്ചു.
സ്കൂളിലെ വൈവിധ്യമാർന്ന അന്താരാഷ്ട്ര സമൂഹം, ഐക്യത്തെ പരിപോഷിപ്പിക്കാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത എന്നിവ ഈ വർണാഭമായ പരിപാടിയിൽ പ്രതിഫലിച്ചു. സാമൂഹിക വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേക അസംബ്ലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഗ്ലാഡിസ് ഷീജോയുടെ നേതൃത്വത്തിൽ നടന്ന ഈ അസംബ്ലി, ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളിലും തത്ത്വങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ രാജ്യങ്ങളുടെ പതാകകൾ അണിനിരത്തിയുള്ള വർണാഭമായ പരേഡ്, സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദത്തെ പ്രതീകവത്കരിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രിയാത്മകമായ പ്രകടനങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ആധുനിക സമൂഹത്തിന്റെ പ്രധാന വെല്ലുവിളിയായ മൊബൈൽ ഫോൺ ആസക്തി വിഷയമാക്കിയ ഒരു നൃത്തശില്പം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്നത്തെ ലോകത്ത് സമാധാനം, സഹകരണം, വിവേകത്തോടെയുള്ള ജീവിതം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ വന്ദന സതീഷ് സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് ബഹ്റൈൻ ലോകത്തിന് നൽകുന്ന സംഭാവനകളെ അവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.