മനാമ: വിമാന ടിക്കറ്റ് ഓഫറുകളും ടൂർ പാക്കേജുകളും വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച രണ്ട് പ്രതികളെ ബഹ്റൈൻ സുരക്ഷാ സേന പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള വിഭാഗം നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. പ്രതികളെ നിലവിൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രതികൾ ഇൻസ്റ്റഗ്രാമിൽ വ്യാജമായ ഒരു ട്രാവൽ ഏജൻസി അക്കൗണ്ട് തുടങ്ങുകയും അതിലൂടെ കുറഞ്ഞ നിരക്കിലുള്ള യാത്രാ പാക്കേജുകൾ പരസ്യം ചെയ്യുകയുമായിരുന്നു. ഈ പരസ്യങ്ങളിൽ ആകൃഷ്ടരായ നിരവധി ആളുകളിൽനിന്ന് പണം വാങ്ങിയ ശേഷം ഇവർ ടിക്കറ്റുകളോ മറ്റ് സേവനങ്ങളോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.
നിലവിലില്ലാത്ത ഒരു കമ്പനിയുടെ പേരിൽ പ്രവർത്തിച്ച് ഇവർ പണം കൈക്കലാക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തട്ടിപ്പിന് ഇരയായവരുടെ പരാതി ലഭിച്ച ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതായും സാമ്പത്തിക തട്ടിപ്പിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. സമാനമായ രീതിയിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ സ്ഥാപനങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.