മനാമ: ബഹ്റൈൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവുമായി ഏഷ്യക്കാരായ മൂന്നുപേർ പിടിയിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് എയർ പോർട്ട് അഫയേഴ്സാണ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയതിനെതുടർന്ന് മൂന്നുപേരെയും രഹസ്യമുറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് പാത്രങ്ങൾക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 10 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. കേസ് മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിന് കൈമാറി. കൂടാതെ രാജ്യത്തിനകത്ത് നടത്തിയ മറ്റ് പരിശോധനകളിൽ ഹെറോയിൻ കൈവശം വെച്ചതക്കം നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കാലയളവിൽ ആകെ പിടിച്ചെടുത്ത മയക്കുമരുന്ന് പദാർഥങ്ങളുടെ മൂല്യം 185,500 ബഹ്റൈൻ ദീനാർ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും ആന്റി-നാർകോട്ടിക്സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. മയക്കുമരുന്ന് ഉപയോഗം, കടത്ത് എന്നിവ ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ 996@interior.gov.bh എന്ന മെയിലിലോ, 966, 999 എന്നീ ഹോട്ട് ലൈൻ നമ്പറുകളിലോ വിളിച്ച് വിവരമറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.