മനാമ: താമസമേഖലകളിൽ അനിയന്ത്രിതമായി പെരുകുന്ന വർക്ഷോപ്പുകളും ഗാരേജുകളും നിയന്ത്രിക്കുന്നതിന് വ്യവസായിക സോണുകൾ വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ട് മുഹറഖ് മുനിസിപ്പൽ കൗൺസിൽ. വ്യവസായങ്ങളെ സംഘടിപ്പിക്കുക,
അനിയന്ത്രിതമായ ഭൂവിനിയോഗം കുറക്കുക, നഗരാസൂത്രണം മെച്ചപ്പെടുത്തുക, പാർപ്പിടമേഖലകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹസ ആണ് നിർദേശത്തിന് നേതൃത്വം നൽകിയത്.
നിലവിലെ സാഹചര്യം സുസ്ഥിരമല്ലാത്തതും സമൂഹത്തിനും ബഹ്റൈന്റെ വികസന അഭിലാഷങ്ങൾക്കും ദോഷകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പാർട്മെന്റ് ബ്ലോക്കുകൾക്ക് കീഴിൽ ഗാരേജുകൾ, റെസിഡൻഷ്യൽ സോണുകളിൽ ലൈസൻസില്ലാത്ത ഒഴിഞ്ഞ പ്ലോട്ടുകളും വെയർഹൗസുകളും കൈയടക്കുന്ന വർക് ഷോപ്പുകളുമുണ്ട്. ഇത് പൊതുസുരക്ഷാ ആശങ്കയും ആസൂത്രണത്തിലെ ഗുരുതര പാളിച്ചയുമാണെന്നും ബുഹസ പറഞ്ഞു.
റെസിഡൻഷ്യൽ ഏരിയകളിൽ ശബ്ദവും മലിനീകരണവും ഗതാഗതക്കുരുക്കും ഉണ്ടാക്കുന്ന ഇത്തരം നിയന്ത്രണമില്ലാത്ത ഗാരേജുകളെയും വെയർഹൗസുകളെയുംകുറിച്ച് പ്രദേശവാസികൾ പരാതിപ്പെടുന്നുണ്ടെന്ന് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. നോൺ റെസിഡൻഷ്യൽ സോണുകളിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഇത്തരം സൗകര്യങ്ങൾക്കായി ഉപയോഗിക്കണം.
ഇത് സുരക്ഷ മെച്ചപ്പെടുത്തുകയും ഭൂവിനിയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും സംഘടിത വ്യാവസായികവളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അവർ വാദിച്ചു.
തൊഴിൽ, വ്യവസായം, വാണിജ്യം, ഭവനം, നഗരാസൂത്രണം, മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിന് കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ നിർദേശം ഏകീകൃത ദേശീയ നയരൂപവത്കരിക്കുന്നതിന് മറ്റ് മുനിസിപ്പൽ സ്ഥാപനങ്ങളായ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്, സതേൺ മുനിസിപ്പൽ കൗൺസിൽ, നോർത്തേൺ മുനിസിപ്പൽ കൗൺസിൽ എന്നിവക്ക് സമർപ്പിച്ചിട്ടുണ്ട്.
ബഹ്റൈന്റെ വിഷൻ 2030 ലക്ഷ്യങ്ങളും അന്താരാഷ്ട്ര മികവും പ്രതിഫലിപ്പിക്കുന്ന പ്രായോഗിക മാസ്റ്റർ പ്ലാനുകൾ രൂപകൽപന ചെയ്യുന്നതിന് നഗരാസൂത്രണ വിദഗ്ധരുമായും സർക്കാർ കൺസൾട്ടന്റുമാരുമായും സഹകരിക്കാനുള്ള സന്നദ്ധതയും കൗൺസിൽ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.