മനാമ: നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് പ്രഖ്യാപിച്ച ‘എന്നും ഹരിതം’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് പിന്തുണയുമായി നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ (എൻ.ബി.ബി) രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ റിഫയിലെ അൽ ഇസ്തിഖ്ലാൽ വാക്വേയിൽ 230 വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, എൻ.ബി.ബി ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഉഥ്മാൻ അഹ്മദ്, ദക്ഷിണ മേഖല മുനിസിപ്പൽ ഡയറക്ടർ ഈസ അബ്ദുറഹ്മാൻ അസീസി അൽ ബൂഐനൈൻ എന്നിവരെ കൂടാതെ എൻ.ബി.ബി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
രാജപത്നിയും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ഉപദേശക സമിതി ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ 2021ലാണ് മുനിസിപ്പൽ, കാർഷിക മന്ത്രാലയം, പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ‘എന്നും ഹരിതം’ പദ്ധതി ആരംഭിച്ചത്. രാജ്യത്തെ കാർഷിക മേഖല ശക്തിപ്പെടുത്താനും ഹരിത പ്രദേശങ്ങൾ അധികരിപ്പിച്ച് കാലാവസ്ഥ വ്യതിയാനം ചെറുക്കാനും സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനുമാണ് ഇതാവിഷ്കരിച്ചതെന്ന് ശൈഖ മറാം വ്യക്തമാക്കി. പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും അവർ പ്രത്യേകം നന്ദി പറയുകയും ചെയ്തു. ‘എന്നും ഹരിതം’ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി ഉഥ്മാൻ അഹ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.