ഹുർമുസ് പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി ബഹ്‌റൈൻ; അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം

മനാമ: ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്‍റെ ഭീഷണിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാന്‍റെ നീക്കം ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു. ഇത് പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് വിഘാതമാകുന്ന അപകടകരമായ നീക്കമാണെന്നും ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. ആഗോള എണ്ണ വിതരണത്തെയും വ്യാപാരത്തെയും ഈ ഭീഷണി ദോഷകരമായി ബാധിക്കും. ഹൂർമൂസ്, ബാബ് അൽ-മന്ദബ് കടലിടുക്കുകളിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കേണ്ടത് ലോകരാജ്യങ്ങളുടെ ആവശ്യമാണെന്നും വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കാൻ കൗൺസിൽ അതിന്‍റെ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കണമെന്നും ബഹ്‌റൈൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇറാന്‍റെ ഭീഷണി മൂലം പ്രതിസന്ധിയിലായ രാജ്യങ്ങൾ ഒത്തുചേർന്ന് സമുദ്ര സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കാൻ സാധ്യതയുള്ള ഇത്തരം പ്രകോപനങ്ങൾക്കെതിരെ ശക്തമായ രാജ്യാന്തര പ്രതികരണം ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Hormuz crisis; Bahrain expresses concern; calls for international intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.