ഇറാനെതിരെ യു.എന്നിന്‍റെ അന്വേഷണം വേണം

മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും വിവിധ അറബ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്‍റെ സൈനിക ആക്രമണങ്ങളും ഗൗരവമായി ചർച്ച ചെയ്ത് അറബ് നെറ്റ്‌വർക്ക് ഓഫ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 26-ാമത് അസാധാരണ ജനറൽ അസംബ്ലി യോഗം.

ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾ പൊതുജനങ്ങളുടെ ജീവന് നേരിട്ടുള്ള ഭീഷണിയാണെന്നും ഇത്തരം സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും യോഗം വിലയിരുത്തി. ഗൾഫ്, അറബ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാൻ ആക്രണങ്ങളുടെ പാശ്ചാത്തലത്തിൽ അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് ‍യോഗം സംഘടിപ്പിച്ചത്.

അറബ് മേഖലയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനും യു.എൻ മനുഷ്യാവകാശ കൗൺസിലിന്‍റെ പ്രത്യേക യോഗം വിളിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

സംഘർഷ സാഹചര്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും കൃത്യമായ റിപ്പോർട്ടുകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അറബ് രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും വൈദഗ്ധ്യവും കൈമാറാനും തീരുമാനിച്ചു. ആക്രമണങ്ങൾ ബാധിച്ചവർക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ നൽകാനും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാനും അതത് രാജ്യങ്ങളോട് ശുപാർശ ചെയ്തു.

അറബ് മനുഷ്യാവകാശ ശൃംഖല സെക്രട്ടറി ജനറൽ സുൽത്താൻ ബിൻ ഹസൻ അൽ ജമാലിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. യു.എൻ ചാർട്ടർ പ്രകാരം സൈനിക ശക്തി ഉപയോഗിക്കുന്നതിനെതിരെയുള്ള വിലക്കുകളുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്നും യോഗം കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ സിവിലിയൻ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഏകീകൃതമായ ഒരു അറബ് നിലപാട് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

Tags:    
News Summary - A UN investigation is needed against Iran.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.