ബി.സി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ വാർത്തസമ്മേളനത്തിൽ
മനാമ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടമായ ഐ.സി.സി ടി20 ലോകകപ്പിന്റെ ഔദ്യോഗിക കിരീടം ബഹ്റൈനിലെത്തുന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും (ബി.സി.എഫ്) ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ 'ഡി.പി വേൾഡ് ഐ.സി.സി പുരുഷ ടി20 ലോകകപ്പ് ട്രോഫി ടൂർ' 2026 ജനുവരി ഒമ്പത് മുതൽ 11 വരെ നടക്കും.
ഇതിനെക്കുറിച്ച് വിശദീകരിക്കാൻ മനാമയിൽ വിളിച്ചുചേർത്ത ഉന്നതതല വാർത്തസമ്മേളനത്തിൽ ബി.സി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ ആണ് പരിപാടികൾ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ആരാധകർക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് കിരീടം നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്.
ആഗോള ക്രിക്കറ്റ് ഭൂപടത്തിൽ ബഹ്റൈന്റെ പ്രാധാന്യം വർധിക്കുന്നതാണ് ഈ ട്രോഫി ടൂർ അടയാളപ്പെടുത്തുന്നതെന്ന് മുഹമ്മദ് മൻസൂർ പറഞ്ഞു. കായിക മേഖലയെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.സി.എഫ് പ്രസിഡന്റ് സാമി അലി, ജനറൽ സെക്രട്ടറി കിഷോർ കേവൽറാം, ട്രഷറർ മീനാസ്, അഡ്വൈസർ യൂസഫ് ലോറി, ബോർഡ് അംഗങ്ങളായ സമീർ, ആലിസൺ എന്നിവരും വിവിധ സ്പോൺസർമാരും മാധ്യമ പ്രതിനിധികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ക്രിക്കറ്റ് ആവേശത്തെ ബഹ്റൈന്റെ സംസ്കാരവും പൈതൃകവുമായി കോർത്തിണക്കുന്ന രീതിയിലാണ് മൂന്നു ദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് മുഹറഖിൽ നിന്ന് വാട്ടർ ഗാർഡൻ സിറ്റിയിലേക്ക് ബിസിനസ് ബേ വഴി നടത്തുന്ന ഗംഭീരമായ 'റോയൽ ബോട്ട് പരേഡോടെ' ടൂറിന് തുടക്കമാകും. തുടർന്ന് വൈകീട്ട് നാലുവരെ വാട്ടർ ഗാർഡൻ സിറ്റിയിൽ ആരാധകർക്കായി പ്രദർശനം നടക്കും. അന്ന് വൈകീട്ട് ബൈക്ക് റാലിയുടെ അകമ്പടിയോടെ കിരീടം ദ അവന്യൂസ് മാളിൽ എത്തിക്കും.
അവിടെ അർധരാത്രി വരെ പൊതുജനങ്ങൾക്ക് കിരീടം കാണാൻ അവസരമുണ്ടാകും. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ചരിത്രപ്രസിദ്ധമായ ആവാലി ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശനത്തോടെയാകും തുടക്കം. തുടർന്ന് ഉച്ചക്ക് 2.30 വരെ ദാന മാളിലും ശേഷം അൽ നജ്മ ക്ലബിലും ആരാധകർക്കായി ഫാൻ എൻഗേജ്മെന്റ് സെഷനുകൾ സംഘടിപ്പിക്കും. ശനിയാഴ്ച രാത്രി ക്രൗൺ പ്ലാസയിൽ വെച്ച് ഔദ്യോഗിക ഗാല ഡിന്നറും നടക്കും.
മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ ലോകപ്രശസ്തമായ ട്രീ ഓഫ് ലൈഫ് സന്ദർശനത്തിനു ശേഷം വിവിധ വിദ്യാലയങ്ങളിലേക്കാണ് കിരീടം കൊണ്ടുപോകുന്നത്. ഇന്ത്യൻ സ്കൂൾ, പാകിസ്താൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇബ്നുൽ ഹൈതം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് കിരീടം നേരിട്ട് കാണാൻ അവസരം ലഭിക്കും. ഉച്ചക്ക് ഗ്രാൻഡ് മോസ്ക് സന്ദർശനത്തോടെ ടൂർ സമാപിക്കും.
പുതിയ തലമുറയെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിനായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾക്ക് ബി.സി.എഫ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഐവേൾഡ് , യു.എഫ്.സി ജിം , മാരിയറ്റ് ജുഫൈർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ സംരംഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മൂന്നു ദിവസത്തെ ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ ബഹ്റൈനിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ബി.സി.എഫ് ഭാരവാഹികൾ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.