ഇറാനെതിരെ യു.എന്നിൽ ആഞ്ഞടിച്ച് അറബ് രാജ്യങ്ങൾ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സംയുക്ത പ്രസ്താവന

മനാമ: തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു എന്ന ഇറാന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയ്ക്ക് സംയുക്ത കത്ത് നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനുമാണ് രാജ്യങ്ങൾ ഈ കത്ത് സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 30ന് ഇറാൻ നൽകിയ കത്തിലെ തെറ്റായ വിവരങ്ങളെയും നിയമപരമായ വളച്ചൊടിക്കലുകളെയും അറബ് രാജ്യങ്ങൾ ശക്തമായി എതിർത്തു.

ഫെബ്രുവരി 28 മുതൽ ഇറാൻ തുടർച്ചയായി നടത്തുന്ന നിയമവിരുദ്ധമായ ആക്രമണങ്ങളുടെ ഇരകളാണ് തങ്ങളെന്ന് അറബ് രാജ്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ, തുറമുഖങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായിട്ടുണ്ട്. ഇറാന്റെ ഈ നടപടികൾ യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.

സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന ഇറാന്റെ വാദങ്ങൾ വസ്തുതകളെ വളച്ചൊടിക്കാനുള്ള ശ്രമം മാത്രമാണെന്ന് രാജ്യങ്ങൾ കുറ്റപ്പെടുത്തി. ആക്രമണങ്ങൾ നടത്തിയ ഇറാൻ തന്നെയാണ് നിയമപരമായ ഉത്തരവാദിത്തം ഏൽക്കേണ്ടതും നഷ്ടപരിഹാരം നൽകേണ്ടതും. വസ്തുതകളെ മറച്ചുവെച്ച് ഇരയെപ്പോലെ അഭിനയിക്കാനുള്ള ഇറാന്റെ ശ്രമം നിയമപരമായി നിലനിൽക്കില്ലെന്ന് കത്തിൽ പറയുന്നു. മേഖലയിലെ സംഘർഷങ്ങൾക്ക് കാരണം തങ്ങളാണെന്ന ഇറാന്റെ ആരോപണം അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

റമദാൻ മാസത്തിൽ പോലും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് കത്തിൽ എടുത്തുപറഞ്ഞു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണ്.

അതിനാൽ, വെറും അപലപിക്കലുകൾക്ക് അപ്പുറം ഇറാന്റെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ സെക്യൂരിറ്റി കൗൺസിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണമെന്നും അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Arab countries slam Iran at UN; Joint statement says allegations are baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.