മനാമ: ജുഫൈറിലെ ഒരു വീട്ടിൽ നിന്ന് 8 ലക്ഷം ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച കേസിൽ എട്ടുപേർക്ക് കോടതി തടവുശിക്ഷ വിധിച്ചു. നാലാം ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികൾക്ക് ആറ് വർഷം വീതം കഠിനതടവാണ് കോടതി വിധിച്ചത്. മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിക്കാൻ സഹായിച്ച മറ്റ് അഞ്ച് പ്രതികൾക്ക് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28ന് ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് സുരക്ഷ കാരണങ്ങളാൽ ജുഫൈറിലെ താമസസ്ഥലം മാറിപ്പോയ വ്യക്തിയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്. മാർച്ച് 6ന് വീട്ടുടമ തിരികെ എത്തിയപ്പോഴാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. 22 റോളക്സ് വാച്ചുകൾ, ഒന്നര കിലോ സ്വർണ്ണം, ഒൻപത് സ്വർണ്ണ ബിസ്ക്കറ്റുകൾ എന്നിവയാണ് മോഷണം പോയത്.
മനാമ ഗവർണറേറ്റ് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.സനാബിസ് പ്രദേശത്ത് വെച്ച് മോഷ്ടിച്ച വസ്തുക്കൾ പ്രതികൾ പരസ്പരം വീതം വെക്കുകയും ചെയ്തു. മോഷ്ടിച്ച വസ്തുക്കളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രതികളിൽ ഒരാൾ ഒരു വാച്ച് സമ്മാനമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ എല്ലാ പ്രതികളെയും പിടികൂടാൻ സാധിച്ചു. കേസിലെ വിധി ന്യായത്തിന് ശേഷം പ്രതികളെ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.