ലോക രാഷ്ട്രീയ സംഘർഷങ്ങൾ കടുത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഗൾഫ് മേഖലയിലും ഒരു തരത്തിലുള്ള ആശങ്കയുടെ അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ ബഹ്റൈൻ എന്ന ചെറിയ രാജ്യത്ത് കഴിയുന്ന പ്രവാസികൾക്ക് ഈ സാഹചര്യത്തിലും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത് ഇവിടെ ഉള്ള ഭരണകൂടത്തിന്റെ സമയോചിതവും കൃത്യവുമായ ഇടപെടലുകൾ കൊണ്ടാണ്. ജനങ്ങളുടെ സുരക്ഷയും ശാന്തിയും ഉറപ്പാക്കാൻ ബഹ്റൈൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇവിടെ കഴിയുന്ന എല്ലാവർക്കും ആത്മവിശ്വാസം നൽകുന്നുണ്ട്.
എന്നിരുന്നാലും, മനസ്സ് എപ്പോഴും നാട്ടിലേക്കാണ് തിരിഞ്ഞുനിൽക്കുന്നത്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള അനിശ്ചിതത്വമുള്ള സമയങ്ങളിൽ. വിമാനത്താവളങ്ങളും യാത്രാമാർഗങ്ങളും അടച്ചുപൂട്ടപ്പെട്ടതിനാൽ, നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ പലർക്കും നേരിടേണ്ടിവരുന്നത്. ശരീരമായി ഇവിടെ സുരക്ഷിതമായി ജീവിക്കുമ്പോഴും, മനസ്സ് മുഴുവൻ നാട്ടിലേക്കും സ്വന്തം കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും അടുത്തേക്കുമാണ് പറന്നുപോകുന്നത്. പ്രവാസജീവിതം എപ്പോഴും പ്രതീക്ഷകളുടെയും വേദനകളുടെയും സംഗമമാണ്. കുടുംബത്തിനായി, ഭാവിക്കായി, ജീവിതം മെച്ചപ്പെടുത്താൻ നാട്ടുവിട്ട് അകലെ ജീവിക്കേണ്ടിവരുന്ന ഒരാളുടെ മനസ്സ് ഇത്തരം സമയങ്ങളിൽ കൂടുതൽ ഭാരപ്പെടുന്നു.
നാട്ടിലേക്ക് പോകാനുള്ള വഴികൾ അടഞ്ഞുകിടക്കുമ്പോൾ, അത് ഒരുതരം അശക്തിയും വേദനയും നിറഞ്ഞ അനുഭവമായി മാറുന്നു. ബഹ്റൈനിൽ എല്ലാം സാധാരണ പോലെ മുന്നോട്ടുപോകുന്നുണ്ടെങ്കിലും, ഉള്ളിൽ ഓരോരുത്തടെയും മനസ്സ് ഒരു ചോദ്യമാത്രം ചോദിക്കുന്നു “എപ്പോഴാകും വീണ്ടും നാട്ടിലേക്കുള്ള വഴി തുറക്കുക?”. ജീവിതം ഇങ്ങനെ പലപ്പോഴും കാത്തിരിപ്പുകളാൽ നിറഞ്ഞതാണ്. നല്ല ദിവസങ്ങൾ വരുമെന്ന പ്രതീക്ഷയോടെ, കുടുംബത്തെ നേരിൽ കാണുന്ന ആ നിമിഷം മനസ്സിൽ വരച്ചുകാണിച്ചുകൊണ്ടാണ് ദിവസങ്ങൾ കടന്നുപോകുന്നത്.
സ്വന്തം വീടിന്‍റെ വാതിൽ തുറന്ന് അകത്ത് കടക്കാനും, പ്രിയപ്പെട്ടവരുടെ മുഖം നേരിൽ കാണാനും കഴിയുന്ന ആ നിമിഷത്തിനായി ഓരോ പ്രവാസിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരിക്കൽ വീണ്ടും വിമാനങ്ങൾ പറക്കും, യാത്രാമാർഗങ്ങൾ തുറക്കും, നാട്ടിലേക്കുള്ള വഴികൾ തെളിയും. ആ ദിവസം വരുംവരെ, ഈ ദൂരദേശത്ത് നിന്ന് മനസ്സ് മാത്രം നാട്ടിലേക്കു പറന്നുകൊണ്ടിരിക്കും. കാരണം, എത്ര ദൂരം പോയാലും ഹൃദയം ഒടുവിൽ തിരിഞ്ഞെത്തുന്നത് സ്വന്തം നാട്ടിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.