ബഹ്‌റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂവിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ മനാമ സൂഖ് സന്ദർശിക്കുന്നു
മനാമ: ചരിത്രപ്രസിദ്ധമായ മനാമ സൂഖിന് പുത്തൻ ഉണർവ്വേകാൻ ലക്ഷ്യമിട്ട് സമഗ്ര വികസന പദ്ധതികൾ വരുന്നു. പുതിയ പൊതു ശൗചാലയങ്ങൾ, തണലുള്ള നടപ്പാതകൾ, പൈതൃക കഫേകൾ, വാഹനരഹിത കാൽനട വഴികൾ, വർഷം മുഴുവനും നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളാണ് അധികൃതരുടെ പരിഗണനയിലുള്ളത്. സന്ദർശകർക്കായി വിശാലമായ വിശ്രമ കേന്ദ്രങ്ങളും കൂടുതൽ പൊതു ടോയിലറ്റുകളും വേണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ബഹ്‌റൈന്റെ പരമ്പരാഗത വാസ്തുവിദ്യയെ ഓർമ്മിപ്പിക്കുന്ന തണൽ നിറഞ്ഞ തെരുവുകൾ, കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ, മികച്ച സുരക്ഷാ സംവിധാനങ്ങൾ, സി.സി.ടി.വി ക്യാമറകൾ, പ്രായമായവർക്കായി വീൽചെയറുകൾ എന്നിവയും അവർ ആവശ്യപ്പെട്ടു.
കൂടാതെ പരമ്പരാഗത റസ്റ്റാറന്റുകളും കഫേകളും, വിപണിയുടെ വിവിധ ഭാഗങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന അലങ്കാര വിളക്കുകൾ, തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ പ്രവേശിക്കാത്ത കാൽനട സൗഹൃദ വഴികൾ, ഗോൾഫ് കാർട്ടുകൾ എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ബഹ്‌റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂവിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ മനാമ സൂഖ് സന്ദർശിക്കുകയും വ്യാപാരികളുടെ അഭിപ്രായങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന് ശേഷമാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. മാർക്കറ്റിന്റെ മത്സരക്ഷമത വീണ്ടെടുക്കുന്നതിനൊപ്പം അതിന്റെ പൈതൃകം സംരക്ഷിക്കുന്നതിനായി സംയോജിത സാങ്കേതിക, സാമ്പത്തിക, ഭരണപരമായ പദ്ധതികൾ ആവശ്യമാണെന്ന് പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതി ചെയർമാനും ചേംബർ ട്രഷററുമായ അഹമ്മദ് അൽ സല്ലൂം പറഞ്ഞു.
വ്യാപാരികളെ സഹായിക്കുന്നതിനായി മുനിസിപ്പൽ ഫീസ് ഇളവുകളും എളുപ്പത്തിലുള്ള ധനസഹായവും അദ്ദേഹം നിർദ്ദേശിച്ചു. ചരിത്രപ്രസിദ്ധമായ വിപണിക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും സൂഖിനെ വർഷം മുഴുവനും സന്ദർശകർ എത്തുന്ന ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാൻ സമഗ്രമായ മാസ്റ്റർ പ്ലാൻ വേണമെന്നും പാർലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖറാത പറഞ്ഞു. ക്രമരഹിതമായ വികസനങ്ങൾ അവസാനിപ്പിച്ച് ലോഡിംഗ്, അൺലോഡിംഗ് സംവിധാനങ്ങൾ, ലൈറ്റിംഗ്, മലിനജല അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ദീർഘകാല പദ്ധതിയാണ് ആവശ്യമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പഴയ കച്ചവട കേന്ദ്രത്തെ സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാരികളെയും വ്യാപാരികളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിൽ പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചേർന്ന് ബഹ്‌റൈൻ ചേംബർ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.