യു.എ.ഇയുടെ 'ഓപറേഷൻ ഗാലന്റ് നൈറ്റ് 3' ആസ്ഥാനം സന്ദർശിക്കാനെത്തിയ ആർ.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ദോസരി
മനാമ: ഈജിപ്തിലെ അൽ അരിഷിലുള്ള യു.എ.ഇയുടെ 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' ആസ്ഥാനം സന്ദർശിച്ച് ആർ.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ദോസരി. ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിര പ്രതിനിധിയുമായ ഫൗസിയ സൈനലുമായി സന്ദർശന വേളയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ ദുരിതബാധിതർക്കായി ആർ.എച്ച്.എഫ് നടപ്പിലാക്കുന്ന ബഹ്‌റൈൻ ഹോസ്പിറ്റൽ, ബഹ്‌റൈൻ സ്കൂളുകൾ തുടങ്ങിയ പദ്ധതികളുടെ പുരോഗതി കൂടിക്കാഴ്ചയിൽ അദ്ദേഹം വിലയിരുത്തി.
ഗസ്സയിൽ ബഹ്‌റൈൻ സ്ഥാപിച്ച ആശുപത്രിയുടെയും സ്കൂളുകളുടെയും പ്രവർത്തനം ഇബ്രാഹിം അൽ ദോസരി അംബാസഡറെ ധരിപ്പിച്ചു. ഗസ്സയിലേക്ക് പുതുതായി അയച്ച ദുരിതാശ്വാസ സാമഗ്രികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
റഫയിലെ യു.എ.ഇ ഡിസാലിനേഷൻ പ്ലാന്റുകളും അൽ അരിഷിലെ ഫ്ലോട്ടിംഗ് ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു. അവിടെയുള്ള മെഡിക്കൽ ജീവനക്കാരുമായും രോഗികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
അതിർത്തികൾക്കപ്പുറം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ മാനുഷിക സാന്നിധ്യം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023-ൽ യു.എ.ഇ ആരംഭിച്ച 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' വഴി ആയിരക്കണക്കിന് ടൺ ഭക്ഷണസാധനങ്ങളും 150 ബെഡുകളുള്ള ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ സൗകര്യവും ഇതിനോടകം ഫലസ്തീനികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുമായി കൈകോർത്താണ് ബഹ്‌റൈനും തങ്ങളുടെ സേവനങ്ങൾ ഗസ്സയിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.