മനാമ: സാമൂഹിക മാധ്യമങ്ങൾ വഴി ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. വ്യാജ അക്കൗണ്ടുകൾ വഴി കോൺസെർട്ട് ടിക്കറ്റുകൾ, അബായകൾ, ഫർണിച്ചറുകൾ, സ്വിമ്മിംഗ് പൂൾ ബുക്കിങ്, കാർ ബുക്കിംഗ് തുടങ്ങിയവയുടെ പേരിൽ മുൻകൂറായി പണം വാങ്ങുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഹിദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ അറിയിച്ചു.
ഇന്റീരിയർ മന്ത്രാലയത്തിന്റെ ‘അൽ അമൻ’ സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഫോട്ടോകളും വീഡിയോകളും മാത്രം കണ്ട് പണം നൽകുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഉൽപ്പന്നങ്ങൾ കാണിച്ച ശേഷം മുൻകൂറായി പണം കൈക്കലാക്കി തട്ടിപ്പുകാർ മുങ്ങുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തിവിവരങ്ങൾ ചോദിച്ചും, ‘ഇവ’യിൽ നിന്നാണെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും ഇവർ പണം തട്ടുന്നു. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബ്രൗസറുകൾ ലോക്ക് ചെയ്യുകയും പിന്നീട് പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണിത്.
കൂടാതെ, കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും രൂപവും ശബ്ദവും അനുകരിച്ച് വ്യാജ വാർത്താ ക്ലിപ്പുകൾ നിർമിച്ച്, ലാഭകരമായ നിക്ഷേപ പദ്ധതികളുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന പ്രവണതയും കൂടിവരികയാണ്. ഇത്തരം നിക്ഷേപ പദ്ധതികളൊന്നും നിലവിലില്ലെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്നോ കൊറിയർ ചാർജ് അടയ്ക്കണമെന്നോ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും പലരും ഇത്തരം തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടപ്പെടുത്തുന്നതായും, ഈ പണം കുടുംബത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അപരിചിതമായ ഇടപാടുകൾ നേരിട്ടോ ഫോൺ വഴിയോ ഔദ്യോഗികമായി ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറുക. ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആൻ്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുമായി ബന്ധപ്പെടുക. 992 എന്ന ഹോട്‌ലൈൻ നമ്പറിലോ, 17108108 എന്ന വാട്‌സ്ആപ്പ് നമ്പറിലോ വിവരങ്ങൾ അറിയിക്കാം. കൂടാതെ acees.gov.bh എന്ന വെബ്‌സൈറ്റിലെ ഫോം വഴിയും പരാതികൾ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.