മനാമ: ഡിപ്ലോമാറ്റിക് ഏരിയയിൽ പുതുതായി സ്ഥാപിച്ച പാർക്കിംഗ് മീറ്ററുകളുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്ത്. നിലവിൽ പരമാവധി രണ്ട് മണിക്കൂർ വരെ മാത്രമാണ് പാർക്കിംഗ് ഫീസ് അടയ്ക്കാൻ സാധിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ജോലി സമയം എട്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്നതിനാൽ, ഓരോ രണ്ട് മണിക്കൂറിലും മീറ്റർ റീചാർജ് ചെയ്യാൻ പുറത്തിറങ്ങേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ജോലിത്തിരക്കുകൾക്കിടയിൽ മീറ്റർ റീചാർജ് ചെയ്യാൻ മറന്നുപോകുന്ന സാഹചര്യമുണ്ടായാൽ പിഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തങ്ങളെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അവർ പറയുന്നു. ജോലി സമയത്ത് നാല് തവണയെങ്കിലും ഇടവേള എടുത്ത് പുറത്തിറങ്ങേണ്ടി വരുന്നത് ജോലി തടസ്സപ്പെടുത്തുന്നുണ്ടെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി, എട്ട് മണിക്കൂർ തുടർച്ചയായി പാർക്കിംഗ് ഫീസ് അടയ്ക്കാൻ സാധിക്കുന്ന രീതിയിൽ മീറ്ററുകൾ ക്രമീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
അതേസമയം, ഡിപ്ലോമാറ്റിക് ഏരിയയിലെ ഗതാഗത ക്രമീകരണങ്ങൾക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 42 പുതിയ പാർക്കിംഗ് മീറ്ററുകൾ പൊതുമരാമത്ത് മന്ത്രാലയം ഇതിനകം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ഏരിയയിലെ 546 പാർക്കിംഗ് സ്ഥലങ്ങളിൽ കൂടുതൽ ആളുകൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ജീവനക്കാരുടെ പരാതി കണക്കിലെടുത്ത് നിലവിലെ പാർക്കിംഗ് കാലാവധി നീട്ടുന്ന കാര്യത്തിൽ മന്ത്രാലയം പുനർവിചിന്തനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി ജീവനക്കാരുടെ ആവശ്യം പരിഗണിക്കുമെന്നാണ് അധികൃതരിൽ നിന്നുള്ള പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.