ആക്രമണം തുടർന്ന് ഇറാൻ; ശക്തമായ പ്രതിരോധവുമായി ബഹ്‌റൈൻ

മനാമ: മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബഹ്‌റൈനെതിരെ വീണ്ടും ആക്രമണം തുടർന്ന് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയും പകലും രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എന്നാൽ ആക്രമണങ്ങളെല്ലാം ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കിയിരുന്നു. രാജ്യത്തെ പൗരന്മാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ഇത്തരം നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ബി.ഡി.എഫ് വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിലെ ചിലയിടങ്ങളിൽ വൈദ്യുതി വിതരണത്തിന് തടസ്സം നേരിട്ടതായി വൈദ്യുതി-ജല അതോറിറ്റി (ഇവ) സ്ഥിരീകരിച്ചു. എന്നാൽ, അടിയന്തര നടപടികളിലൂടെ തകരാറുകൾ പരിഹരിക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് എവിടെയെങ്കിലും അസ്വാഭാവികമായ വസ്തുക്കൾ കാണുകയാണെങ്കിൽ അവയിൽ തൊടരുതെന്നും ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റ് ഇത്തരം വസ്തുക്കളെ സുരക്ഷിതമായി നിർവീര്യമാക്കാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഇറാൻ്റെ ബോധപൂർവമായ നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ആക്രമണങ്ങൾ ബഹ്‌റൈൻ്റെയും കുവൈത്തിൻ്റെയും പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനും കുവൈത്തിനും ഒപ്പം ജി.സി.സി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് അൻവർ ഗർഗാഷ്, യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കജ കല്ലാസ് എന്നിവരും ഇറാൻ്റെ നടപടിക്കെതിരെ രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങളിൽ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കുവൈത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ

മനാമ: കുവൈത്തിനെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. കുവൈത്തിൻ്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനവും സുരക്ഷയ്ക്ക് ഭീഷണിയുമാണിതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും അയൽരാജ്യങ്ങളുമായുള്ള സൗഹൃദ മനോഭാവത്തെയും ഹനിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ൻ്റെ ഗുരുതരമായ ലംഘനം കൂടിയാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്‌റൈൻ, അവരുടെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു.

Tags:    
News Summary - Bahrain launches strong defense after Iran attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-10 04:03 GMT