ബഹ്റൈനിലെ വിവിധ മേഖലയിലുള്ള പ്രമുഖർ ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ചക്കിടെ
മനാമ: സംരംഭകരുടെ കൂട്ടായ ശ്രമങ്ങൾ രാജ്യത്തെ നിക്ഷേപസൗഹൃദ കേന്ദ്രമാക്കുന്നുവെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സാഖിർ കൊട്ടാരത്തിൽ ഹമദ് രാജാവിനെ സന്ദർശിക്കാനെത്തിയ റോയൽ ഫാമിലിയിലെ മുതിർന്ന അംഗങ്ങൾ, ഉപദേഷ്ടാക്കൾ, മന്ത്രിമാർ, ബിസിനസ് പ്രമുഖർ, വിവിധ ഗവർണറേറ്റുകളിലെ പൗരന്മാർ എന്നിവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ സംരംഭകരുടെയും സ്റ്റാർട്ടപ്, ചെറുകിട സംരംഭ ഉടമകളുടെയും കൂട്ടായ ശ്രമങ്ങളാണ് രാജ്യത്തെ ഒരു മികച്ച നിക്ഷേപ ലക്ഷ്യസ്ഥാനവും സംരംഭകത്വത്തിനുള്ള ഒരു സംയോജിത പ്രാദേശിക കേന്ദ്രവുമാക്കി മാറ്റുന്നതെന്ന് ഹമദ് രാജാവ് പറഞ്ഞു. ആധുനിക സംവിധാനങ്ങളിലും ചലനാത്മകവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കഴിവ് തെളിയിച്ച ബഹ്റൈൻ വ്യാപാരികളുടെ വാണിജ്യപാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ബഹ്റൈനിലെ സ്വകാര്യ സംരംഭകത്വമേഖലയുടെ ശക്തമായ അടിത്തറ അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ദേശീയ വികസനത്തിന്റെയും ഭാവി അഭിലാഷങ്ങളുടെയും മൂലക്കല്ലാണെന്നും രാജാവ് വിശേഷിപ്പിച്ചു. സംരംഭകത്വത്തിനും നവീകരണത്തിനുമുള്ള ഒരു കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിനെയും മന്ത്രാലയത്തിലെ ജീവനക്കാരെയും ബഹ്റൈൻ ചേംബർ ചെയർമാനെയും അംഗങ്ങളെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
നിരന്തരമായ പിന്തുണക്ക് മന്ത്രി ഫഖ്റു രാജാവിന് നന്ദി അറിയിച്ചു. ഇത് ബഹ്റൈന്റെ വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളുടെയും തുടർനടപടികളുടെയും ഫലമായി ഈ മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വ്യവസായിക മേഖല ഇന്ന് ജി.ഡി.പിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ മേഖലയായി മാറി. 800ൽ അധികം വ്യവസായിക സ്ഥാപനങ്ങളും വർധിച്ചുവരുന്ന ദേശീയ പ്രതിഭകളെയും ഇത് ഉൾക്കൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.