ബഹ്‌റൈനിൽ ടെലികോം ഡാറ്റാ ഉപഭോഗം റെക്കോർഡ് ഉയരത്തിൽ

മനാമ: ബഹ്‌റൈന്റെ ടെലികോം മേഖലയിൽ ഡാറ്റാ ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫിക്സഡ് ഫൈബർ ബ്രോഡ്ബാൻഡ്, ഉയർന്ന ബാൻഡ്‌വിഡ്ത്തുള്ള മൊബൈൽ സബ്സ്ക്രിപ്ഷനുകൾ എന്നിവയുടെ ശക്തമായ വളർച്ചയാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ ഡാറ്റാ ഉപഭോഗം കുത്തനെ ഉയരാൻ കാരണമായത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ പാദത്തിലെ മൊത്തത്തിലുള്ള ഡാറ്റാ ട്രാഫിക് 673 പെറ്റാബൈറ്റ് ആയി ഉയർന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 553 പെറ്റാബൈറ്റ് മാത്രമായിരുന്നു. ഫൈബർ ഇൻഫ്രാസ്ട്രക്ചർ മാത്രം ആദ്യ പാദത്തിൽ 388 പെറ്റാബൈറ്റ് ഡാറ്റ കൈമാറി. ഒരു ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ വഴി പ്രതിമാസം ശരാശരി 687 ജിഗാബൈറ്റ് ഡാറ്റയാണ് ഉപഭോഗം ചെയ്യുന്നത്. എന്നാൽ മൊബൈൽ ബ്രോഡ്ബാൻഡ് വഴി ഇത് പ്രതിമാസം 20.5 ജിഗാബൈറ്റ് മാത്രമാണ്.

ഓൺലൈൻ ഉള്ളടക്കങ്ങളുടെ ഉപയോഗം കുത്തനെ കൂടിയപ്പോൾ പരമ്പരാഗത വോയ്സ് കോളുകൾ തുടർച്ചയായി കുറയുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊബൈൽ ഔട്ട്ഗോയിങ് വോയ്സ് ട്രാഫിക് 16.9 ശതമാനം കുറഞ്ഞ് 647.3 ദശലക്ഷം മിനിറ്റായി ചുരുങ്ങി. രാജ്യത്തെ മൊത്തം സജീവ മൊബൈൽ വരിക്കാരുടെ എണ്ണം 22,86,794 ആണ്. പ്രീപെയ്ഡ് കണക്ഷനുകളിൽ നിന്ന് പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് മാറുന്ന പ്രവണതയും ഉപഭോക്താക്കൾക്കിടയിൽ പ്രകടമാണ്. മൊത്തം വിപണിയുടെ 64 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകളാണെങ്കിലും പോസ്റ്റ്പെയ്ഡ് വിഭാഗത്തിലേക്ക് പുതിയ വരിക്കാർ നിരന്തരം എത്തിക്കൊണ്ടിരിക്കുന്നു.

മൊബൈൽ, ഫിക്സഡ് ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള മൊത്തം ബ്രോഡ്ബാൻഡ് വരിക്കാർ 26,00,450 ആയി ഉയർന്നു. ഫൈബർ-ടു-ദി-ഹോം വഴിയുള്ള കണക്ഷനുകൾ 1,86,180 ആയി വർധിച്ചു. വീടുകളിലെ ഫൈബർ പെനിട്രേഷൻ നിരക്ക് 76 ശതമാനത്തിലെത്തി. ബഹ്‌റൈനിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ബാറ്റെൽകോ 38.6 ശതമാനം വിപണി പങ്കാളിത്തത്തോടെ മൊബൈൽ വരിക്കാരുടെ വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

എസ്ടിസി ബഹ്‌റൈൻ 32.3 ശതമാനവും സെയ്ൻ ബഹ്‌റൈൻ 29.2 ശതമാനവും വിപണി പങ്കാളിത്തം നേടിയിട്ടുണ്ട്. രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനം അതിവേഗ ഹൈ-കപ്പാസിറ്റി ബ്രോഡ്ബാൻഡ് അടിസ്ഥാന സൗകര്യങ്ങളിലേക്കും ഓട്ടോമേറ്റഡ് ഐ.ഒ.ടി സേവനങ്ങളിലേക്കും വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Tags:    
News Summary - Telecom data consumption in Bahrain hits record high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.