ബഹ്‌റൈനിൽ അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി അടച്ചുപൂട്ടിയതായി റിപ്പോർട്ട്; രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിസന്ധിയിൽ

മനാമ: ബഹ്‌റൈനിലെ ഹിദ്ദിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ, ഐ.ബി കരിക്കുലം വാഗ്ദാനം ചെയ്തിരുന്ന ഈ സ്കൂൾ പുതിയ അധ്യയന വർഷത്തിന് തൊട്ടുമുമ്പാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ചാണ് സ്കൂളിന്റെ വിദ്യാഭ്യാസ ലൈസൻസ് റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ സ്കൂൾ അധികൃതരെ ഇമെയിൽ വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുവരെ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. അക്കാദമിയുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നിലവിലുണ്ടെന്നും ലിക്വിഡേഷനായുള്ള അപേക്ഷയ്ക്കായി കാത്തിരിക്കുകയാണെന്നും വ്യവസായ-വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ അപ്രതീക്ഷിത തീരുമാനം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും വലിയ ആശങ്കയിലാഴ്ത്തി. ഫീസ് പൂർണ്ണമായി അടച്ചുകഴിഞ്ഞ രക്ഷിതാക്കൾ എന്തുചെയ്യണമെന്നറിയാതെ കടുത്ത മാനസിക സംഘർഷത്തിലാണ്.

ഒരു ദിവസം മുമ്പേ മാത്രം നോട്ടീസ് നൽകി വഞ്ചിച്ചതായി രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചു. പ്രൊഫഷണലിസം എന്നത് പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കലാണെന്നും കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങൾ അറിയിക്കാൻ മതിയായ സമയം നൽകേണ്ടതുണ്ടെന്നും രക്ഷിതാക്കൾ വിമർശിച്ചു.

അതേസമയം, പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സഹായവുമായി മറ്റ് പ്രൈവറ്റ് സ്കൂളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സ്കൂളുകളിലേക്ക് പ്രവേശനം തേടിയെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ചുതുടങ്ങിയതായും, പ്രവേശന ഫീസും മറ്റും ഗഡുക്കളായി അടയ്ക്കാനുള്ള പ്രത്യേക 'പേയ്മെന്റ് പ്ലാനുകൾ' ചില പ്രമുഖ സ്കൂളുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇതിനകം മുൻകൂട്ടി ഫീസ് അടച്ച പലർക്കും വീണ്ടും വലിയ തുക ഒറ്റയടിക്ക് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.

കുവൈത്തിലെ പ്രശസ്തമായ സമ എജ്യുക്കേഷണൽ കമ്പനിയുടെ കീഴിലുള്ളതാണ് ഈ സ്ഥാപനം. പ്രീ-നഴ്സറി മുതൽ ഗ്രേഡ് 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ഈ വർഷം ആരംഭിച്ച ഈ സ്കൂൾ, മുൻപ് പ്രവർത്തിച്ചിരുന്ന ബീകോൺ പ്രൈവറ്റ് സ്കൂളിന് പകരമാണ് നിലവിൽ വന്നത്. 1,688 ബഹ്‌റൈൻ ദിനാർ മുതൽ 5,118 ബഹ്‌റൈൻ ദിനാർ വരെയായിരുന്നു വാർഷിക ഫീസ്.

Tags:    
News Summary - Bahrain School Closure Sparks Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.