സമ്മറൈസ് മോറൽ സ്കൂൾ 2025' പ്രോഗ്രാം റസീം ഹാറൂൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: സമാധാനപരമായ സാമുദായികാന്തരീക്ഷം സംരക്ഷിക്കാൻ കുട്ടികൾ ചെറുപ്പം മുതലേ ധർമാധർമങ്ങളെയും സാമൂഹിക, കുടുംബവ്യവസ്ഥിതികളെയും പറ്റി മനസ്സിലാക്കണമെന്ന് ഫാറൂഖ് െട്രനിയറിങ് കോളജ് റിസർച് അസിസ്റ്റന്റ് റസീം ഹാറൂൻ ഓർമിപ്പിച്ചു. റയ്യാൻ സ്റ്റഡി സെന്റർ ടീനേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'സമ്മറൈസ് മോറൽ സ്കൂൾ 2025' പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപാഠശാലകളിൽനിന്ന് ലഭിക്കുന്ന ധാർമിക വിദ്യാഭ്യാസം ഒരളവോളം നിലനിൽക്കുന്നതുകൊണ്ടാണ് സാമൂഹിക വ്യവസ്ഥിതിക്ക് അമിതമായി പോറലേൽക്കാത്തത്. എന്നാൽ ആധുനിക സാഹചര്യങ്ങൾ ധാർമിക വിദ്യാഭ്യാസം പഴഞ്ചനാണെന്ന കാഴ്ചപ്പാട് വളർത്തുകയാണ്.
ഇതുമൂലം കലാലയങ്ങളിലെത്തുന്ന വിദ്യാർഥികൾ വളരെ എളുപ്പത്തിൽ ലഹരിക്കും ഉന്മാദത്തിനും മറ്റ് നീചവൃത്തികൾക്കും അടിമപ്പെടുന്നു. അധികംതാമസിയാതെതന്നെ പടിഞ്ഞാറിനെ മറികടക്കുന്ന രീതിയിൽ നമ്മുടെ തെരുവോരങ്ങൾ ബെസ്റ്റി, ഹിപ്പി കൾചറുകൾ കീഴടക്കുമെന്നും ഇത്തരം വെല്ലുവിളികൾ നേരിടാനും യുവതയെ നേർവഴിക്ക് നടത്താനും രക്ഷിതാക്കൾ ജാഗരൂകരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് പഠിക്കുക നാളെ നയിക്കാൻ' എന്ന മുദ്രാവാക്യത്തിലൂന്നി വിവര സാങ്കേതിക പാഠങ്ങളും മത സാംസ്കാരികമൂല്യങ്ങളും കോർത്തിണക്കി റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മറൈസ് മോറൽ സ്കൂൾ വിദ്യാർഥികൾക്ക് നവ്യാനുഭവമാകുമെന്ന് ഇൻസ്ട്രക്ടർമാരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖും വസീം അൽ ഹികമിയും ഓർമിപ്പിച്ചു.
റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി. അൽ മന്നാഇ, മലയാളവിഭാഗം ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി.എം, ജനറൽ സെക്രട്ടറി ഇൻ ചാർജ് ബിനു ഇസ്മായിൽ എന്നിവർ പങ്കെടുത്തു. മോറൽ സ്കൂളിന്റെ പാഠ്യപദ്ധതികളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്യ സ്വാഗതവും മോറൽ സ്കൂൾ കോഓഡിനേറ്റർ ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.