ബഹ്‌റൈനിൽ വിതരണം ചെയ്യുന്ന പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യം
മനാമ: ബഹ്‌റൈനിൽ വിതരണം ചെയ്യുന്ന പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും ഇന്ധനക്ഷമത സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് എം.പി ജലാൽ കാസിം രംഗത്ത്. വാഹനങ്ങളിൽ ഇന്ധനം മുൻപത്തേക്കാൾ വേഗത്തിൽ തീരുന്നതായി നിരവധിയാളുകൾ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.
യാത്രാരീതിയിലോ യാത്ര ചെയ്യുന്ന ദൂരത്തിലോ മാറ്റമില്ലാതിരുന്നിട്ടും ഇന്ധനം വേഗത്തിൽ തീരുന്നതിനെക്കുറിച്ച് വാഹന ഉടമകൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ധനവില വർദ്ധനവ് കുടുംബങ്ങളുടെ ബജറ്റിനെ ബാധിച്ചിട്ടുണ്ട്, ഈ സാഹചര്യത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന പെട്രോളിന്റെ ഗുണനിലവാരവും സവിശേഷതകളും കൃത്യമായി അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി.
വിവിധ ഇടങ്ങളിൽ നിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധന നടത്തണമെന്നും മുൻകാലങ്ങളിലെ ഉപയോഗ നിരക്കുമായി താരതമ്യം ചെയ്യണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പെട്രോളിന്റെ ഘടനയിലോ സവിശേഷതകളിലോ മൈലേജിനെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അതിന്റെ ഫലം പരസ്യപ്പെടുത്തുകയും വേണം.
ഉപഭോക്താക്കളുടെ പരാതികളിൽ വസ്തുതയുണ്ടോ എന്ന് സാങ്കേതിക പരിശോധനകളിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും, ഇത്തരം പരാതികൾ ഉയരുന്നത് തന്നെ അടിയന്തര പരിശോധനയ്ക്ക് മതിയായ കാരണമാണെന്ന് എം.പി വ്യക്തമാക്കി. ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ ദൈനംദിന ജീവിതച്ചെലവുകളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.