സർക്കാറിന്റെ വിവിധ സേവനങ്ങൾ ഇനി വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും

മനാമ: പൗരന്മാർക്കും പ്രവാസികൾക്കും സർക്കാറിന്റെ വിവിധ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ടുബ്ലിയിലെ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് (ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ) ആസ്ഥാനത്ത് പുതിയ സെൽഫ് സർവിസ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു.

ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സ്വാലിഹ് തറാദ, വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താൻ, മറ്റ് മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ കിയോസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

ബഹ്‌റൈനിൽ ഇത്തരമൊരു സെൽഫ് സർവിസ് കിയോസ്ക് സംവിധാനം നിലവിൽ വരുന്ന ആദ്യത്തെ മുൻസിപ്പൽ കൗൺസിലാണ് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്. പരമ്പരാഗതമായി സർവിസ് കൗണ്ടറുകൾ സന്ദർശിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കി ജനങ്ങൾക്ക് നേരിട്ടുതന്നെ വിവരങ്ങൾ പുതുക്കുന്നതിനും സേവനങ്ങൾ പൂർത്തിയാക്കുന്നതിനുമായാണ് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ഈ കിയോസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐഡി കാർഡ് ചിപ്പിൽ സൂക്ഷിച്ചിരിക്കുന്ന താമസസ്ഥല വിവരങ്ങളും തൊഴിൽ സംബന്ധമായ മറ്റ് വിവരങ്ങളും കിയോസ്ക് വഴി ഉപയോക്താക്കൾക്ക് പുതുക്കാനാകും. ഇൻബിൽറ്റ് കാർഡ് റീഡർ ഉപയോഗിച്ച് ചിപ്പിലെ വിവരങ്ങൾ പരിശോധിക്കാനും സൗകര്യമുണ്ട്. കൂടാതെ, സർക്കാർ നോട്ടിഫിക്കേഷൻ സർവിസിലേക്ക് രജിസ്റ്റർ ചെയ്യാനും മൊബൈൽ നമ്പറും ഇമെയിലും അപ്ഡേറ്റ് ചെയ്ത് ഔദ്യോഗിക അറിയിപ്പുകൾ എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ വഴി ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ‘ഇ-കീ’ അനുബന്ധ സേവനങ്ങളും ലഭ്യമാണ്. സെൽഫ് സർവിസ് കിയോസ്ക് വഴി ഐഡി കാർഡ് ചിപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന് ഒരു ദീനാർ ആണ് ഫീസ്. സാധുവായ ഐഡി കാർഡ് ഉള്ളവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാം. ഇസ ടൗണിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ.ജി.എ സെൽഫ് സർവീസ് സെന്ററിന് പുറമെ മുഹറഖ് സീഫ് മോൾ, എൽ.എം.ആർ.എ, ബഹ്‌റൈൻ മാൾ പോസ്റ്റ് ഓഫിസ്, വാദി അൽ സൈൽ ട്രാഫിക് സർവിസ് സെന്റർ, ഡിപ്ലോമാറ്റിക് ഏരിയയിലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും നിലവിൽ ഇത്തരം കിയോസ്ക് ശൃംഖലകൾ ലഭ്യമാണ്.

Tags:    
News Summary - Various government services will be available quickly and easily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.