മനാമ: ലഹരിമരുന്ന് കടത്തിയ കേസിൽ 30 വയസ്സുകാരിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5000 ദിനാർ പിഴയും വിധിച്ചു. സ്വന്തം അപ്പാർട്മെന്റ് ലഹരിമരുന്ന് വിൽപനയുടെയും ഉപയോഗത്തിന്റെയും കേന്ദ്രമാക്കി മാറ്റിയതിനാണ് ശിക്ഷ.കേസുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഉപയോഗിച്ച ഒമ്പത് പേർക്ക് ഒരുവർഷം തടവും ഓരോരുത്തർക്കും 1000 ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത എല്ലാ ലഹരിവസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
റിഫോം ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യുവതി വീണ്ടും ലഹരി വിതരണം പുനരാരംഭിച്ചതായി നാർകോട്ടിക് വിരുദ്ധവിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. യുവതി സ്വന്തം അപ്പാർട്മെന്റിൽ വെച്ചോ അല്ലെങ്കിൽ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊടുത്തോ ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.യുവതിയുടെ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി തയാറാക്കിയ ലഹരിമരുന്നുകൾ കണ്ടെത്തി. ഇവരിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങുന്ന ഒമ്പത് പേരെയും പൊലീസ് തിരിച്ചറിഞ്ഞു.
അന്വേഷണത്തിനിടെ, ലഹരിമരുന്ന് കടത്ത് ആരോപണങ്ങൾ യുവതി നിഷേധിച്ചെങ്കിലും ലഹരി ഉപയോഗം സമ്മതിച്ചു. ഒരു ഏഷ്യൻ വിതരണക്കാരനിൽനിന്നാണ് താൻ ലഹരിമരുന്ന് വാങ്ങിയതെന്നും യുവതി മൊഴി നൽകി. ലഹരിമരുന്ന് ഉപയോഗിച്ച മറ്റ് ഒമ്പത് പ്രതികളും യുവതിയിൽനിന്ന് ലഹരിമരുന്ന് വാങ്ങിയതായി സമ്മതിച്ചു. ഹെറോയിൻ, ഹഷീഷ്, മെത്താംഫെറ്റാമിൻ തുടങ്ങിയ ലഹരിമരുന്നുകൾ അഞ്ച് മുതൽ 15 ദിനാർ വരെ വിലക്കാണ് വാങ്ങിയതെന്നും അവർ മൊഴി നൽകി.
നിയമവിരുദ്ധമായി ഹെറോയിൻ, മെത്താംഫെറ്റാമിൻ എന്നിവ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ലഹരി ഉപയോഗത്തിനായി തന്റെ അപ്പാർട്മെന്റ് ഉപയോഗിച്ചതിനും യുവതിക്കെതിരെ പ്രോസിക്യൂഷൻ കേസെടുത്തു. മറ്റുള്ളവർക്കെതിരെ വ്യക്തിപരമായ ഉപയോഗത്തിനായി മോർഫിൻ, ഹഷീഷ്, മെത്താംഫെറ്റാമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് കേസ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.