മനാമ: ബഹ്റൈനിലെ റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക എ.ഐ അധിഷ്ഠിത സ്മാർട്ട് കാമറ സംവിധാനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം മുതൽ നിലവിൽവന്നു. കഴിഞ്ഞ മാസം രാജ്യത്തുണ്ടായ ആറ് വാഹനാപകട മരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ‘ബിയോൺ സൊല്യൂഷൻസ്’ വികസിപ്പിച്ച ഈ കാമറകൾക്ക് പന്ത്രണ്ടോളം വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ ഒരേസമയം കണ്ടെത്താൻ ശേഷിയുണ്ട്.
വാഹനമോടിക്കുമ്പോൾ കൈയിൽ ഫോൺ പിടിച്ചുസംസാരിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുക, ഡ്രൈവറോ മുൻസീറ്റ് യാത്രക്കാരോ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത വേഗപരിധി ലംഘിക്കുന്നത്, മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത്, ചുവപ്പ് സിഗ്നൽ ലംഘനം, തെറ്റായ ലെയ്ൻ മാറ്റം, മഞ്ഞ വര കടന്നുള്ള ഓവർടേക്കിങ്, വിൻഡോ ടിന്റിങ് നിയമങ്ങൾ ലംഘിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും നിരീക്ഷിക്കപ്പെടുന്ന നിയമലംഘനങ്ങൾ.
ചെറിയ നിയമലംഘനങ്ങൾക്ക് 20 ദീനാർ മുതൽ 100 ദീനാർ വരെയാണ് പിഴ. എന്നാൽ മൊബൈൽ ഫോൺ ഉപയോഗം, റേസിങ് തുടങ്ങിയ ഗുരുതരമായ ലംഘനങ്ങൾക്ക് 500 ദീനാർ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കാം.
നിയമലംഘനം നടത്തി ഏഴ് ദിവസത്തിനുള്ളിൽ പിഴ അടക്കുകയാണെങ്കിൽ തുകയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നത് ആശ്വാസകരമാണ്. നവംബറിൽ ആരംഭിച്ച ട്രയൽ റണ്ണിനുശേഷം 500 ഓളം കാമറകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ബോധവത്കരണ കാമ്പയിനുകൾ രാജ്യവ്യാപകമായി ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.