മനാമ: കടകൾ രാത്രി 12 മണിക്കുള്ളിൽ അടക്കണമെന്ന നിർദേശം ഐകകണ്ഠ്യേന അംഗീകരിച്ച് സതേൺ മുനിസിപ്പൽ കൗൺസിൽ. കോൾഡ് സ്റ്റോറുകൾ, ലോൺഡ്രികൾ, കഫേകൾ, റസ്റ്റാറന്റുകൾ തുടങ്ങി 24 മണിക്കൂർ ലൈസൻസില്ലാത്ത കടകളെല്ലാം രാവിലെ അഞ്ചു മുതൽ അർധരാത്രിവരെ തുറന്നു പ്രവർത്തക്കാൻ പാടുള്ളൂവെന്നാണ് നിർദേശം മുന്നോട്ടുവെക്കുന്നത്.
കടകൾ രാത്രി വൈകി തുറന്നിരിക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങൾ, ഗതാഗതക്കുരുക്ക്, മറ്റു ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് താമസക്കാരുടെ പരാതികളുടെ സാഹചര്യത്തിലാണ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കൗൺസിൽ സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ ഹമദ് അൽ സൗബിയുടെ നേതൃത്വത്തിൽ നിർദേശം മുന്നോട്ടുവെച്ചത്.
ഇത് നടപ്പായാൽ 24 മണിക്കൂർ പ്രവർത്തിക്കാൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള സ്ഥാപനങ്ങളൊഴികെ മറ്റെല്ലാ കടകൾക്കും ബാധകമാകും. നിയമം ആദ്യം സല്ലാഖിൽ നടപ്പാക്കുമെന്നും പിന്നീട് സതേൺ ഗവർണറേറ്റിലും ശേഷം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് അൽ സൗബി പറഞ്ഞു. ഞങ്ങൾ കച്ചവടസ്ഥാപനങ്ങൾക്കെതിരല്ല, പക്ഷേ രാത്രി കടകൾ പ്രവർത്തിക്കുന്നത് മൂലം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും അവരുടെ അവകാശങ്ങളും ഞങ്ങൾക്ക് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രദേശമായ സല്ലാഖിൽനിന്ന് വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പരാതികൾ പരിസരവാസികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്, അത് കൊണ്ട് നിർദേശം ആദ്യം നടപ്പാക്കേണ്ടത് സല്ലാഖിലാണെന്നും തുടർന്ന് വിജയകരമാണെങ്കിൽ മറ്റു പ്രദേശങ്ങളിലേക്ക് കൂടി വ്യാപിക്കണമെന്നും അൽ സൗബി പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം കടകളും അർധരാത്രിക്കുശേഷം തുറക്കൽ ആവശ്യമില്ലാത്തവയാണെന്നും, നേരത്തേ കടയടക്കുന്നത് തൊഴിലാളികൾക്കും കുട്ടികൾക്കുമടക്കം സമാധാനത്തോടെ ഉറങ്ങാനും സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, രാവിലെ നമസ്കാര ശേഷം തുറക്കുന്നതിനായി റസ്റ്റാറന്റുകളും കോൾഡ് സ്റ്റോറുകളും ലോൺഡ്രികളും ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഫാർമസികളും പെട്രോൾ പമ്പുകളും തുറക്കൽ അത്യാവശ്യമെങ്കിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ ആവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പാർലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയർമാനും ബഹ്റൈൻ ചേംബർ ബോർഡ് അംഗവുമായ എം.പി. അഹമ്മദ് അൽ സല്ലൂം ഈ നിർദേശത്തെ എതിർത്തിട്ടുണ്ട്. കടകൾക്ക് അതിന്റെ കച്ചവടം അടിസ്ഥാനമാക്കി സമയത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും തുറന്നിരിക്കേണ്ട മണിക്കൂറുകളും സമയവും അവരാണ് തീരുമാനിക്കേണ്ടതെന്നും അഹമ്മദ് അൽ സല്ലൂം പറഞ്ഞു.
ഷവർമ പോലുള്ള കടകൾ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിച്ചാലെ അവർക്കനുകൂലമായ കച്ചവടം ലഭിക്കുകയുള്ളൂ. രാജ്യത്ത് പലയിടത്തും ഇത്തരം കടകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ചില കടകൾ പുലർച്ചെ മൂന്ന് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പ്രവർത്തിക്കുന്നത്, അവരോട് രാവിലെ അഞ്ച് മുതലേ തുറക്കാൻ പാടുള്ളൂ എന്ന് പറയുന്നതിൽ അർഥമില്ലെന്നും എം.പി പറഞ്ഞു. ജനങ്ങളുടെ പരാതികൾ കച്ചവടത്തെക്കുറിച്ചല്ല, ചില കച്ചവടക്കാരുടെ മോശം പെരുമാറ്റം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി പുറത്തിറങ്ങുന്ന യുവാക്കൾ സൂപ്പർ കാറുകൾ ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കൗൺസിലർമാർ പറഞ്ഞു. കച്ചവട നിയന്ത്രണത്തിന് പകരം അനാവശ്യ ശബ്ദനിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ എം.പി അൽ സല്ലൂം ആവശ്യപ്പെട്ടു.
പൊലീസിങ് വഴിയോ ബോധവത്കരണത്തിലൂടെയോ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് കൂടുതൽ ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നിർദേശം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ തുടർ അനുമതികൾക്കായി മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.