മനാമ: സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ‘പവർ ഓഫ് യൂനിറ്റി’ സൈനിക പരേഡിൽ പങ്കെടുത്ത് ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. സെർബിയയുടെ ഏകതാദിനം, സ്വാതന്ത്ര്യം, ദേശീയ പതാകദിനം എന്നിവയോടനുബന്ധിച്ചായിരുന്നു പരേഡ്. സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുച്ചിച്ച്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും യു.എ.ഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും പരേഡിൽ പങ്കെടുത്തു.
െർബിയയുടെ ആഘോഷങ്ങളിൽ ബഹ്റൈന്റെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നേതൃത്വങ്ങളുടെ പിന്തുണയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് നാസർ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഈ ബന്ധം ശക്തിപ്പെടുത്താൻ ബഹ്റൈൻ താൽപര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെർബിയൻ സായുധസേനയുടെ കാര്യക്ഷമതയും അച്ചടക്കവും പരിശീലനത്തിലും ആയുധങ്ങളിലും അവർ കൈവരിച്ച പുരോഗതിയും സൈനിക പരേഡ് വ്യക്തമാക്കിയെന്ന് ശൈഖ് നാസർ പ്രശംസിച്ചു.
300 മീറ്റർ നീളമുള്ള സെർബിയൻ പതാകയുമായാണ് പരേഡ് ആരംഭിച്ചത്. തുടർന്ന് സെർബിയൻ സായുധസേനയുടെ രൂപവത്കരണങ്ങളും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും വ്യക്തിഗത സംരക്ഷണ യൂനിറ്റുകളും വ്യോമ പ്രതിരോധങ്ങളും പ്രദർശിപ്പിച്ചു. ഇത് സെർബിയൻ സൈന്യം സംഘടനാപരമായും പ്രവർത്തനപരമായും കൈവരിച്ച ഗുണപരമായ വികസനം കാണിച്ചുതന്നു. ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഡെപ്യൂട്ടി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ, റഷ്യൻ ഫെഡറേഷനിലെ ബഹ്റൈൻ അംബാസഡർ അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സാത്തി എന്നിവരും ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.