മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ്

ബിൻ അഹമ്മദ് ആൽ ഖലീഫ പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ

പുരോഗതി വിലയിരുത്തുന്നു

വനവത്കരണ നടപടികളിൽ സ്കൂൾ വിദ്യാർഥികളും കൈകോർക്കും

മനാമ: രാജ്യത്തെ വനവത്കരണ നടപടികൾ സ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെ ഊർജ്ജിതമാക്കുന്നു.കാലാവസ്ഥ വ്യതിയാനം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാനും അന്തരീക്ഷത്തിലെ കാർബൺ തോത് കുറയ്ക്കാനുമുള്ള യു.എൻ. പ്രഖ്യാപനത്തിന് ചുവട്പിടിച്ചാണ് ബഹ്റൈനിൽ വനവത്കരണ നടപടികൾ പുരോഗമിക്കുന്നത്. അക്കാദമിക സമൂഹത്തിന്റെയും സർക്കാർ സംവിധാനത്തിന്റെയും സഹകരണത്തോടെ വ്യാപകമായ പ്രചരണപരിപാടികളിലൂടെ വനവത്കരണ നടപടികൾക്ക് ഊർജ്ജം പകരുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി ‘ഓപറേഷൻ ഗ്രൗണ്ട് ട്രൂത്തിംഗ്’ സൽമാനിയ പ്രിൻസസ്സ് അൽ ജവഹാര സെന്ററിൽ സംഘടിപ്പിച്ചു. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ദ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റിന്റെയും അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മരുപ്രദേശത്ത് അനുയോജ്യമായ മരങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അവ നട്ടുവളർത്താനാണ് ഗ്രൗണ്ട് ട്രൂത്തിംഗിലൂടെ ലക്ഷ്യമിടുന്നത്. 200 സർക്കാർ സ്കൂളുകൾ പദ്ധതിയിൽ പങ്കാളികളാകും. നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഏഴ് മാസത്തിനുള്ളിൽ പഠനം പൂർത്തീകരിക്കും. തെരഞ്ഞെടുത്തിരിക്കുന്ന മരങ്ങൾ വനവത്കരണത്തിന് സഹായിക്കുന്നതും കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായകരവുമാണോ എന്ന് ഉറപ്പുവരുത്തുമെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ദ അഗ്രിക്കൾച്ചറൽ ഡവലപ്മെൻറ് സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ പറഞ്ഞു.

പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വനവത്കരണനടപടികൾ സ്വീകരിക്കുക. 2035 ൽ 3.6 മില്യണായി രാജ്യത്തെ മരങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള മരങ്ങളുടെ എണ്ണം 1.8 മില്യൺ ആണെന്നാണ് സർക്കാരിന്റെ കണക്ക്. ഈ ലക്ഷ്യം നേടാനായി കാർഷിക മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റും ​‘ട്രീസ് ഫോർ ലൈഫ്’ കാമ്പയിൽ പ്രഖ്യാപിച്ചിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും യുവജനകാര്യത്തിനുമായുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ റാസ് അൽ മുത്‍ല പ്രദേശത്ത് കഴിഞ്ഞദിവസം ഒരുലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു. 2035 ഓടെ കണ്ടൽചെടികളുടെ എണ്ണം 400 ശതമാനം വർധിപ്പിക്കും.

മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ റോഡുകളും പ്രധാന ജംഗ്ഷനുകളും മരങ്ങൾ നട്ട്പിടിപ്പിച്ച് മനോഹരമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയുടെയും ശൈഖ് സൽമാൻ ഹൈവേയും കൂടിച്ചേരുന്ന ഭാഗം മനോഹരമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികളുടെ പുരോഗതി അദ്ദേഹം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. വിവിധ ഗവർണറേറ്റുകളിൽ പരിസ്ഥിതി സൗഹൃദ മരങ്ങൾ നട്ടുപിടിപ്പിച്ച് റോഡ് സൗന്ദര്യവൽകരണം നടത്തുന്നതിൽ മന്ത്രാലയം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

വനവത്കരണം ലക്ഷ്യം കാണണമെങ്കിൽ പൊതുജനങ്ങളും സ്വകാര്യസ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചിരുന്നു. രാജ്യത്തുടനീളം പാർക്കുകളുടേയും പൊതുസ്ഥലങ്ങളുടെയും എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. ഇവിടെയെല്ലാം മരങ്ങൾ വച്ചുപിടിപ്പിക്കാൻ വിവിധ ഗവർണറേറ്റുകൾ തീരുമാനിച്ചിരുന്നു. കാറോട്ട മൽസരത്തിനുവേദിയാകുന്ന ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലടക്കം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളും കാർഷിക മന്ത്രാലയം എടുത്തിട്ടുണ്ട്. ടെലികോം കമ്പനിയായ എസ്.ടി.സി യടക്കം രാജ്യത്തിന്റെ വനവത്കരണ നയങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ക്ലീൻ അപ്പ് ബഹ്റൈൻ വളണ്ടിയേഴ്സും നഗരകാര്യ, കാർഷിക മന്ത്രാലയവും ചേർന്ന് കണ്ടൽചെടികൾ വച്ചുപിടിപ്പിച്ചിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നയിടങ്ങളിൽ ചെടികൾ നടാനാണ് ക്ലീൻ അപ്പ് ബഹ്റൈന്റെ തീരുമാനം. സർക്കാർ പദ്ധതികളുടെ ഭാഗമായി വ്യാപകമായി മരങ്ങൾ നട്ട് ലക്ഷ്യം കാണാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - School students will also join in afforestation activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.