മനാമ: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് ആരംഭിച്ച 'കൺസ്യൂമർ ഫ്രണ്ട്' സംരംഭത്തിന് മികച്ച സഹകരണവുമായി കച്ചവടസ്ഥാപനങ്ങൾ. ഏകദേശം 60 സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളായിട്ടുണ്ട്. വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും താങ്ങാവുന്ന വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സ്റ്റേഷനറി, ബാഗുകൾ, യൂനിഫോം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്കൂൾ ഉൽപന്നങ്ങൾക്ക് സ്ഥാപനങ്ങൾ പ്രത്യേക കിഴിവുകൾ നൽകുന്നുണ്ട്. ഈ പ്രചാരണം നവംബർ വരെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ വിലനിർണയ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സംരംഭത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ കുറഞ്ഞത് 10 ശതമാനം കിഴിവ് നൽകുന്നുണ്ടോ എന്നും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. ഇതുവരെ വലിയ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ മറിയം അൽ ഹൈക്കി, ഉമർ അൽ മഹ്മൂദ് എന്നിവർ അറിയിച്ചു. വില വർധിപ്പിക്കൽ പോലുള്ള ഉപഭോക്തൃവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംരംഭം ഉപഭോക്താക്കളിലും വ്യാപാരികളിലും മികച്ച പ്രതികരണം സൃഷ്ടിച്ചു. അതേസമയം, 2025-2026 അധ്യയനവർഷം ആരംഭിക്കുന്നതിനാൽ സർക്കാർ സ്കൂളുകളിലെ പ്രാഥമിക, ഇടത്തരം, ഹൈസ്കൂൾ വിദ്യാർഥികൾ ബുധനാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തും. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 5000 പുതിയ എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിക്കുകയും വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ തയാറാക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.