ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം
മനാമ: 2024ലെ സിവിൽ ഏവിയേഷൻ വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരം, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ബി.ഐ.എ) കഴിഞ്ഞ വർഷം 93 ലക്ഷത്തിലധികം യാത്രക്കാർ വിമാനത്താവളം ഉപയോഗിച്ചു. ഇതുവരെയുണ്ടായ യാത്രക്കാരുടെ റെക്കോഡ് എണ്ണത്തിൽ രണ്ടാംസ്ഥാനത്തും, 2019ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുമാണ്.
ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ ദശാബ്ദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ശരാശരി 13 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബഹ്‌റൈൻ എയർപോർട്ട് കമ്പനി, ബഹ്‌റൈൻ എയർപോർട്ട് സർവിസസ്, ബഹ്‌റൈൻ ഏവിയേഷൻ ഫ്യൂവലിങ് കമ്പനി, ഡി.എച്ച്.എൽ ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ വർഷം ആകെ 9,350,580 യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇത് 2023നെ അപേക്ഷിച്ച് 7 ശതമാനത്തിന്‍റെ വർധനവാണ് വ്യക്തമാക്കുന്നത്. ഇതിൽ 4,719,438 പേർ ബഹ്‌റൈനിലെത്തിയവരും, 4,611,135 പേർ പുറത്തേക്ക് യാത്ര ചെയ്തവരും, 20,007 പേർ വിമാനത്താവളം വഴി ട്രാൻസിറ്റ് ചെയ്തവരുമാണ്. 2023ൽ 93,648 വിമാനങ്ങളാണ് സർവിസ് നടത്തിയത്. എന്നാൽ 2024ൽ അത് 101,534 ആയി ഉയർന്നു.
വേനലവധി കാരണം ആഗസ്റ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനത്താവളം ഉപയോഗിച്ചത് (884,074) പേർ. എന്നാൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ റമദാൻ മാസമായ മാർച്ചിൽ 695,140 യാത്രക്കാർ മാത്രമാണ് യാത്ര ചെയ്തത്. 2022ൽ കോവിഡിന് ശേഷം വ്യോമയാന മേഖല തിരിച്ചുവരാൻ തുടങ്ങിയതോടെയാണ് ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് (128 ശതമാനം വർധന). അതേസമയം, 2019-ൽ 9,578,797 യാത്രക്കാരുണ്ടായിരുന്നത് 2020-ൽ മഹാമാരി കാരണം 2,269,232 ആയി കുറഞ്ഞു.
ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരുടെ ഇഷ്ടയിടം ദുബൈയാണ്. തുടർച്ചയായി രണ്ടാം വർഷമാണ് ദുബൈ യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുന്നത്. 1,126,037 യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്. ദുബൈ കഴിഞ്ഞാൽ റിയാദാണ് രണ്ടാം സ്ഥാനത്ത് (589,064 യാത്രക്കാർ). കഴിഞ്ഞ വർഷം ദോഹയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 125 ശതമാനം വർധന രേഖപ്പെടുത്തി.
യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ലണ്ടൻ-ഹീത്രൂ ആണ് ഏറ്റവും ജനപ്രിയമായ സ്ഥലം. ജി.സി.സിക്ക് പുറത്തുള്ള ഏറ്റവും ജനപ്രിയ മേഖലയാണ് ഇന്ത്യ. 14 ലക്ഷത്തിലധികം യാത്രക്കാർ ഇക്കാലയളവിൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്തു. ഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് നിരവധി പ്രതിവാര വിമാന സർവിസുകൾ ബഹ്‌റൈനിൽനിന്നുണ്ട്. പുതുതായി സർവിസ് ആരംഭിച്ച മിലാൻ, മാലാഗ, ബോഡ്രും, ദോഹ എന്നിവിടങ്ങളിലേക്കും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
ഗൾഫ് എയർ ആണ് ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിച്ച വിമാനക്കമ്പനി. 6,144,465 യാത്രക്കാരാണ് ഗൾഫ് എയർ ഈ കാലയളവിൽ തെരഞ്ഞെടുത്തത്. ഫ്ലൈദുബൈ, എയർ അറേബ്യ, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയാണ് യഥാക്രമം പിന്നിലുള്ളത്. യാത്രക്കാരുടെ എണ്ണത്തിൽ ഫ്ലൈനാസ് 809 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ എയർ ഇന്ത്യയുടെ യാത്രക്കാരുടെ എണ്ണത്തിൽ 72 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.