വായനയുടെ പ്രാധാന്യത്തെപ്പറ്റി പറയാനാരംഭിക്കുമ്പോൾതന്നെ ജബലുന്നൂറിനെക്കുറിച്ച് പരാമർശിക്കാതിരിക്കുന്നത് എങ്ങനെ? ‘വായിക്കുക നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ’ എന്ന പരിശുദ്ധ ഗ്രന്ഥത്തിലെ പ്രഥമവാക്യം ഹിറാ ഗുഹയിലുണ്ടാക്കിയ പ്രകമ്പനം നൂറ്റാണ്ടുകൾക്കിപ്പുറവും ലോകത്തിന്റെ മുക്കുമൂലകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണല്ലോ വാസ്തവം. വായന, അറിവിന്റെയും ആസ്വാദനത്തിന്റെയും അത്ഭുതങ്ങളുടെയും അനന്തമായ ആകാശങ്ങളിലേക്കുള്ള പ്രയാണമാണ് നമ്മുടെ മനസ്സുകൾക്ക് സമ്മാനിക്കുന്നത്. നമ്മൾ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എവിടെയൊക്കെയോ അത് നമ്മെ കൊണ്ടുപോകുന്നു. യഥാർഥത്തിൽ ഓരോ അക്ഷരവും അതിലേക്കുള്ള വാതിലുകൾ തന്നെയാകുന്നു.
ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങൾ വ്യാപകമല്ലാതിരുന്ന ആസ്വാദനങ്ങളും ആഘോഷങ്ങളും സാർവത്രികമല്ലാതിരുന്ന ആ കാലത്ത് വായനതന്നെയായിരുന്നു വലിയ സന്തോഷം. ഇതിനുമൊക്കെ ശേഷമാണ് കേരളത്തിലൊരിടത്ത് ഒരു മാങ്കോസ്റ്റൈൻ മരത്തിന്റെ തണലിൽ ഒരു ചാരുകസേരയുണ്ടെന്നും അതിനുചുറ്റും പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ഒക്കെയായി അനേകം ജീവസ്സുറ്റ കഥാപാത്രങ്ങൾ ഓടിനടക്കുന്നുണ്ടെന്നും അറിഞ്ഞത്. അതിർവരമ്പുകളെ ഭേദിക്കുന്ന ആധുനിക സൗകര്യങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന ഒരുകാലത്ത് ചെറുബാല്യങ്ങൾക്ക് കണ്ണെത്താവുന്ന ഇട്ടാ വട്ടത്തിനപ്പുറത്ത് അനേകം നാലുകെട്ടുകൾ ഉണ്ടെന്നും നീർമാതളങ്ങൾ പൂക്കുന്ന തൊടികളുണ്ടെന്നുമൊക്കെ അറിയാനായത് വായനയിലൂടെ മാത്രമാണ്. തൊട്ടടുത്ത നാട്ടിലൂടെ മയ്യഴിപ്പുഴ ശാന്തമായൊഴുകുന്നുണ്ടായിരുന്നുവെങ്കിലും അതിന്റെ തീരങ്ങളിൽ പ്രതാപം നഷ്ടപ്പെട്ട ഒരു സായിപ്പിന്റെ കാൽപ്പാടുകൾ പതിഞ്ഞ് കിടപ്പുണ്ടെന്ന് വൈകിയറിഞ്ഞതും വായനയിലൂടെതന്നെ. മലയാളികൾക്ക് മറക്കാനാവാത്ത വിധം മാമ്പഴമധുരമൂറുന്ന താരാട്ടിന്നീണമുള്ള വരികൾ സമ്മാനിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞുപോയ അമ്മമാരെക്കുറിച്ച് ഒട്ടൊരതിശയത്തോടെ മാത്രമേ ഓർക്കാൻ കഴിയാറുള്ളൂ.
നമുക്ക് പ്രിയപ്പെട്ട ഒരമ്മയുണ്ടെങ്കിൽ ആ അമ്മയുടെ ശബ്ദത്തെ നാം മാതൃഭാഷ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അത് ഏത് ഭാഷയോ ആവട്ടെ ആ ഭാഷയിൽ തങ്ങൾ ജീവിച്ചനുഭവിച്ച കാലവും ലോകവും മനോഹരമായി വരച്ചിടാൻ കഴിവുള്ള ഒരുപാട് എഴുത്തച്ഛന്മാർ ഉണ്ടെങ്കിൽ പിന്നെങ്ങനെ വായനക്ക് മരിക്കാനാകും?. ഇന്നിപ്പോ രണ്ട് പതിറ്റാണ്ടുകളോളമായി ഗൾഫ് മാധ്യമം സന്തതസഹചാരിയായി നമ്മോടൊപ്പം തന്നെയുണ്ട്. വാട്സ്ആപ്പും ഫേസ്ബുക്കും ഒന്നുമില്ലാതിരുന്ന കാലത്ത് നാട്ടിലെ വിശേഷങ്ങളുമായെത്തുന്ന മാധ്യമം ശരിക്കും ഒരു നാട്ടുകാരനെ കണ്ടുമുട്ടുന്ന അനുഭവമാണ് നൽകിയിരുന്നത്.
ഗൾഫ് മാധ്യമമാകട്ടെ വായനക്കാരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യ വേണ്ടവർക്ക് വിദ്യയും രുചി ഇഷ്ടമുള്ളവർക്ക് അതും വിളമ്പി എല്ലാവരെയും സംതൃപ്തരാക്കാൻ മറക്കുന്നേയില്ല. മാസത്തിൽ ഒരിക്കലാണെങ്കിലും കുടുംബംകൂടി കൈയിൽ കിട്ടുമ്പോൾ പെരുത്ത് സന്തോഷംതന്നെ. മാറിമാറി വരുന്ന പ്രവാസികൾക്ക് ഒപ്പം മാറ്റങ്ങൾ നിറഞ്ഞ വിഭവങ്ങളുമായ് അനുസ്യൂതം യാത്ര ചെയ്യുന്ന മാറ്റമില്ലാത്ത പേരാവട്ടെ ഗൾഫ് മാധ്യമത്തിന്റേത്! ഹൃദയത്തിൽനിന്നുമുള്ള ഭാവുകങ്ങളും പ്രാർഥനകളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.