വായന മരിക്കുന്നു എന്ന പൊതുധാരണയോട് പൂർണമായും ഞാൻ യോജിക്കുന്നില്ല. എല്ലാ മേഖലയിലും സംഭവിച്ച കാലാനുസൃതമായ മാറ്റം വായനയിലും ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് വായന എന്നത് ജീവിതത്തിൽ ഒരു അഭിഭാജ്യ ഘടകംകൂടിയായിരുന്നു; പത്രവായന, വീക്കിലി വായന, ലൈബ്രറികളിലെ സജീവവായന അങ്ങനെ. അന്നൊക്കെ മനോരമ വീക്കിലി പെൺകുട്ടികളുടെ വികാരമായിരുന്നു. അവിടന്ന് ടി.വി സീരിയലിലേക്ക് മാറിയപ്പോൾ ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം വായനയിൽനിന്ന് കാഴ്ചയിലേക്ക് നമ്മെ തിരിച്ചുവിട്ടു.
പത്രവും കട്ടനും ഇല്ലെങ്കിൽ ബാത്ത്റൂമിൽ പോകാൻ പറ്റാത്ത ശാഠ്യക്കാരായ പുരുഷകേസരികൾ ഒരുകാലത്ത് ഇവിടെ ഉണ്ടായിരുന്നെന്നുപറഞ്ഞാൽ ഇന്നത് അതിശയോക്തിയാകും. ദൃശ്യമാധ്യമങ്ങൾ പാക്ക് ചെയ്ത റെഡിമെയ്ഡ് ഭക്ഷണം പോലെയാണ്. അതിന്റെ ഗുണനിലവാരം, രുചി, അളവ്, ചേരുവകൾ എല്ലാം അവർ തീരുമാനിക്കും; എന്നാൽ വായന എന്നത് നമ്മൾ പാകം ചെയ്യുന്ന ഭക്ഷണം പോലെയും. അതിന്റെ രുചിയും അളവും ഗുണനിലവാരവും നമുക്ക് തീരുമാനിക്കാം. കാണുമ്പോൾ കാഴ്ച എന്ന ഒരൊറ്റ പ്രക്രിയ മാത്രമേ നടക്കുന്നുള്ളൂ. ആരോ ഒരാളുടെ ചിന്തകൾ അവർ നമുക്ക് വേണ്ടി ഒരുക്കി വിടുന്നു. വായിക്കുമ്പോൾ ഒന്നിൽ കൂടുതൽ പ്രവൃത്തികൾ നടക്കുന്നു. വായിക്കുമ്പോൾ കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, ചിന്തിക്കുന്നുണ്ട്, ഭാവനചെയ്യുന്നുണ്ട്. അപരജീവിതങ്ങളെ സ്വജീവിതമായി അനുഭവിച്ചറിയാൻ വായനയോളം മികച്ച ഒരു പ്രവർത്തനം വേറെയില്ല.
ഈ നൂതന കാലഘട്ടത്തിൽ പുസ്തക-പത്രവായനയിൽ നിന്ന് വിരമിച്ച് സ്ക്രീൻ വായനയിലേക്ക് വികസിച്ചു എന്നുപറയാം. അത് തെറ്റെന്നല്ല, തിരക്കുപിടിച്ച ലോകത്ത് തിരക്കുപിടിച്ച രീതികൾ ജീവിത പ്രയാണത്തെ സുഗമമാക്കുന്നു എന്നതാണ്. ഒരു ഗൗരവമുള്ള വായനക്ക് ഈ സ്ക്രീൻ വായന ഒരിക്കലും എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല.
പുസ്തക വായന എന്നത് ഒരു ധ്യാനം പോലെയാണ്. അതിന് ചില മുന്നൊരുക്കങ്ങൾ എടുക്കണം. ശാന്തമായ മനസ്സും അന്തരീക്ഷവും നമ്മൾ ഒരുക്കേണ്ടതുണ്ട്. അങ്ങനെ നമ്മൾ വായിക്കുമ്പോൾ അക്ഷരങ്ങൾക്കപ്പുറം ഒരു ലോകം കിളിവാതിൽ തുറന്ന് പ്രത്യക്ഷപ്പെടുന്നത് നമുക്ക് കാണാം. അല്ലാതെയുള്ള വായനയിൽ വെറും അക്ഷരങ്ങളുടെയും വാക്കുകളുടെയും കലപില ശബ്ദമായി മാത്രമായി നമ്മുടെ വായനകൾ ചുരുങ്ങിപ്പോവുന്നു.
വായന മനുഷ്യനെ പൂർണനാക്കുന്നു എന്നതാണ് സത്യം. ‘ഗൾഫ് മാധ്യമം’ പോലെയുള്ള പത്രസ്ഥാപനങ്ങൾ വായനയാൽ നമുക്ക് ചിറകുതുന്നുന്നു. വായനയുടെ ആകാശത്ത് വിശാലമായ ഒരിടംതന്നെ അവർ നമുക്കുവേണ്ടി കരുതിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.