വാഷിങ്ടണിലെത്തിയ ഹമദ് രാജാവിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ഗസ്സയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും മേഖലയുടെ പുനർനിർമാണത്തിനുമായി രൂപവത്കരിച്ച ‘ബോർഡ് ഓഫ് പീസ്’ കൗൺസിലിന്റെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വാഷിങ്ടൺ ഡിസിയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഗസ്സയിലെ യുദ്ധാനന്തര സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും തകർന്നടിഞ്ഞ മേഖലകളുടെ പുനർനിർമാണത്തിനുമാണ് ഈ യോഗം മുൻഗണന നൽകുന്നത്.
ഗസ്സയിലെ സമാധാനത്തിനായി പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയെ ഹമദ് രാജാവ് സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര പ്രതിസന്ധികൾ പരിഹരിക്കണമെന്ന ബഹ്‌റൈന്റെ ഉറച്ച നിലപാട് ഹമദ് രാജാവ് ആവർത്തിച്ചു. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് രാജ്യം എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യോഗം ഗസ്സയിലെ ജനങ്ങൾക്കും ലോകത്തിനും ഗുണകരമാകുന്ന ഒരു പുതിയ സമാധാന പാത തുറക്കുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
വാഷിംഗ്ടണിലെത്തിയ ഹമദ് രാജാവിനെ യു.എസിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി. ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ എന്നിവരും ഹമദ് രാജാവിനെ അനുഗമിക്കുന്നുണ്ട്.
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ കൗൺസിൽ ഗസ്സയിലെ വെടിനിർത്തൽ സ്ഥിരപ്പെടുത്തുന്നതിനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന അന്താരാഷ്ട്ര വേദിയായാണ് പ്രവർത്തിക്കുന്നത്. ഗസ്സ പുനർനിർമ്മാണത്തിനായി ഏകദേശം 5 ബില്യൺ ഡോളറിന്റെ സഹായ വാഗ്ദാനങ്ങൾ ഈ യോഗത്തിൽ അംഗരാജ്യങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.