അറിവിനും ആനന്ദത്തിനുമായി മനുഷ്യൻ വായനയെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വിജ്ഞാനവും വിനോദവും ഒരുപോലെ പകരുന്ന പത്രവായനയായാലും ചെറുകഥകളും കവിതകളും നോവലുകളുമടങ്ങിയ സാഹിത്യസൃഷ്ടികൾ ആയാലും വായന നൽകുന്ന സുഖം മറ്റൊരു വിനോദത്തിനും ഇല്ലെന്നുതന്നെ പറയാം. 2022ൽ നടത്തിയ സെൻസസ് പ്രകാരം പത്രപാരായണത്തിൽ നാഗരിക ജനസംഖ്യയുടെ 54 ശതമാനവുമായി നമ്മുടെ രാജ്യം മറ്റ് ലോക രാജ്യങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന കാര്യം ഏറെ അഭിമാനകരമാണ്.
തൊട്ടുപിറകിൽ നിൽക്കുന്ന ആസ്ട്രേലിയയിൽ ഇത് വെറും 44 ശതമാനം മാത്രമാണ്. മാത്രമല്ല കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ പത്രങ്ങളുടെ വാർഷിക സർക്കുലേഷൻ 2-1/2% വർധിച്ചതും നല്ലൊരു ലക്ഷണമാണ്. സാഹിത്യരചനകൾ പോലെയോ ഒരു പക്ഷേ അതിലേറെയോ കഴിവുകൾ ആവശ്യമുള്ളൊരു കലയാണ് സാഹിത്യാസ്വാദനം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഏതൊരുവനും ഇക്കാലത്ത് പൊട്ടരചനകൾ നിർവഹിക്കാൻ പറ്റും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവയെ ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ അത്തരം രചനകൾ വായിക്കാനും ആസ്വദിക്കാനുമുള്ള കഴിവൊന്ന് വേറെ തന്നെ വേണം.
ആസ്വാദനം ആളുകളുടെ നിലവാരമനുസരിച്ച് വ്യത്യസ്തമായിരിക്കും. ചതിയൻ ചന്തുവിന് എം.ടിയും ഹരിഹരനും ചേർന്ന് ചലച്ചിത്ര ഭാഷ്യം നൽകിയപ്പോൾ ചന്തുവിന് മമ്മൂട്ടിയുടെ രൂപം കൈവന്നു. പക്ഷേ മയ്യഴിയിലെ ദാസനും ചന്ദ്രികയും അനുവാചകരിൽ ഇന്നും വ്യത്യസ്ത രൂപങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. വായന മരിക്കുന്നില്ല എന്നതാണ് സത്യം. അതുപോലെതന്നെ നിഷ്പക്ഷമായ വാർത്താമാധ്യമങ്ങളും ഇവിടെ നിലനിൽക്കണം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ തണലിൽ സാധാരണക്കാരനും പാർശ്വവത്കരിക്കപ്പെട്ടവനും ഒറ്റപ്പെട്ടുപോവും.
നിഷ്പക്ഷമായ വാർത്താവതരണത്തിന്റെ കാര്യത്തിൽ ‘ഗൾഫ് മാധ്യമം’ പത്രം കാണിക്കുന്ന ശുഷ്കാന്തി തികച്ചും ശ്ലാഘനീയമാണെന്ന് ഇത്തരുണത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുന്നു. അത് വീഴ്ച വരുത്താതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി സർവവിധ ഭാവുകങ്ങളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.