അറ്റകുറ്റപ്പണികൾ പൂർത്തിയായ വീടുകൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും പാർപ്പിട മന്ത്രി ആമിന ബിൻത്​ അഹ്​മദ്​ അൽ റുമൈഹിയും സന്ദർശിക്കുന്നു

 മനാമ: ബഹ്‌റൈനിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തകർക്കപ്പെട്ട സ്വദേശികളുടെ വീടുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ആദ്യ ഘട്ടം പൂർത്തിയായി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ സർക്കാർ ഏറ്റെടുത്തത്. ഹിദ്ദ് ഹൗസിങ് സിറ്റിയിൽ 30 യൂണിറ്റുകൾ, സിത്രയിൽ 19 വീടുകൾ, മറ്റ് പ്രദേശങ്ങളിലായി 22 വീടുകൾ എന്നിങ്ങനെ ആകെ 71 വീടുകളുടെ പുനർനിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും പാർപ്പിട, നഗരാസൂ​ത്രണ കാര്യ മന്ത്രി ആമിന ബിൻത്​ അഹ്​മദ്​ അൽ റുമൈഹിയും സിത്രയിലെയും ഹിദ്ദിലെയും പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സാങ്കേതികവും എൻജിനീയറിംഗ് പരവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വീടുകൾ വാസയോഗ്യമാക്കിയതെന്നും അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമായ വീടുകൾക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയതെന്നും മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംഭവിച്ച ബാക്കിയുള്ള വീടുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അൽ റുമൈഹി പറഞ്ഞു. പ്രത്യേക ഗ്രൂപ്പുകൾ ഓരോ വീടിന്റെയും അവസ്ഥ വിലയിരുത്തി വരികയാണെന്നും, നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാ കുടുംബങ്ങൾക്കും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യം ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സ്വദേശി കുടുംബങ്ങളുടെ സുരക്ഷയും ജീവിത സാഹചര്യങ്ങളും എത്രയും വേഗം സാധാരണ നിലയിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

വീടുകളുടെ പുനർനിർമ്മാണത്തോടൊപ്പം തന്നെ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര നടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. വീടുകളുടെ ഘടനാപരമായ അറ്റകുറ്റപ്പണികൾക്ക് പുറമെ, വീട്ടിനുള്ളിലെ മറ്റ് വസ്തുവകകൾക്കുണ്ടായ നാശനഷ്ടങ്ങൾ കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.

ആക്രമണത്തെത്തുടർന്ന് വീടുകൾക്ക് ഗുരുതരമായി നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളെ സർക്കാർ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന സാഹചര്യത്തിൽ ഇവർക്കായി സൽമാൻ സിറ്റിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ താൽക്കാലിക ഫ്ലാറ്റുകളാണ് ഒരുക്കിയിരുന്നത്. പുനർനിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ തന്നെ ഈ കുടുംബങ്ങൾക്ക് തങ്ങളുടെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Rapid relief for those affected by the attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.