വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
മനാമ: ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ ബിൻ അബ്ദുല്ല നാസ് എന്നിവരുടെ അധ്യക്ഷതയിലാണ് 49ാമത് സംയുക്ത സാമ്പത്തിക സമിതി യോഗം നടന്നത്. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വാണിജ്യ മേഖലയെ പിന്തുണക്കുന്നതിനും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഫഖ്റു യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ അവധിക്കാലത്ത് വിപണിയിൽ മികച്ച സേവനങ്ങൾ നൽകിയതിനും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കിയതിനും ബഹ്റൈനിലെ സ്വകാര്യ മേഖലയെ മന്ത്രി അഭിനന്ദിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതിൽ വ്യാപാരികൾ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത മാസം ആരംഭിക്കുന്ന റമദാൻ മാസത്തിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുന്ന നിരവധി പദ്ധതികൾ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. ഇവയുടെ നടത്തിപ്പും മേൽനോട്ടവും സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി. വിപണിയിലെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമായി മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഗവൺമെന്റും സ്വകാര്യ മേഖലയും തമ്മിലുള്ള ഈ പങ്കാളിത്തം ബഹ്റൈൻ സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മന്ത്രാലയത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ച ബി.സി.സി.ഐ ചെയർമാൻ സമീർ നാസ്, ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കരുത്തേകുമെന്ന് പറഞ്ഞു. മുൻ യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതിയും പുതിയ അജണ്ടകളും യോഗം വിശദമായി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.