മനാമ: രാജ്യത്തുണ്ടായ ഇറാനിയൻ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് സാമ്പത്തികമായും മറ്റും തകർച്ച നേരിട്ട പൗരന്മാരെയും ബിസിനസ് സ്ഥാപനങ്ങളെയും സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്‌റൈൻ പാർലമെന്‍റ് സർക്കാറിനോട് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിന് വ്യക്തമായ ഒരു സംവിധാനം രൂപീകരിക്കണമെന്ന പ്രമേയം പാർലമെന്‍റ് ഐക്യകണ്ഠേന പാസാക്കി.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനകിന്‍റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് പ്രമേയം സമർപ്പിച്ചത്. മിസൈൽ ആക്രമണത്തിൽ നിരവധി സ്വകാര്യ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ഇത് ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. കൂടാതെ ആക്രമണത്തിൽ വാഹനങ്ങൾ തകരുകയും ചെറുകിട സ്ഥാപനങ്ങളിലെ ഉപകരണങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പല ചെറുകിട ബിസിനസുകളും താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നത് ഉടമകളുടെയും ജീവനക്കാരുടെയും വരുമാനത്തെയും ബാധിച്ച നിലയിലാണ്. നഷ്ടപരിഹാരം നൽകുന്നതിനായി സുതാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്.
കൂടാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ആശ്വാസമേകാൻ ബാങ്ക് വായ്പകളുടെ തിരിച്ചടവ് നീട്ടിവെക്കണമെന്നും പാർലമെന്‍റിൽ നിർദേശം ഉയർന്നു. നേരിട്ടോ അല്ലാതെയോ സാമ്പത്തിക ആഘാതം നേരിട്ട ബിസിനസ് ഉടമകൾക്കും കമ്പനികൾക്കും വായ്പാ ഗഡുക്കൾ, ക്രെഡിറ്റ് സൗകര്യങ്ങൾ എന്നിവ തിരിച്ചടയ്ക്കാൻ താൽക്കാലിക സാവകാശം നൽകാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന് (സി.ബി.ബി) നിർദേശം നൽകണമെന്ന് എം.പിമാർ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിമാനത്താവളം അടച്ചതും വിതരണ ശൃംഖല തടസ്സപ്പെട്ടതും കാരണം പല സ്ഥാപനങ്ങളും ഭാഗികമായോ പൂർണമായോ അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോൺ തിരിച്ചടവ് തുടരുന്നത് സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പാർലമെന്‍റ് സാമ്പത്തിക സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം ചൂണ്ടിക്കാട്ടി. രണ്ട് പ്രമേയങ്ങളും നിലവിൽ തുടർഅനുമതിക്കായി ശൂറ കൗൺസിലിന് അയച്ചിരിക്കുകയാണ്. അസാധാരണ സാഹചര്യങ്ങളിൽ പൗരന്മാർക്കൊപ്പം നിൽക്കുന്നത് രാജ്യത്തിന്റെ കടമയാണെന്നും എം.പിമാർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.