മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് തുടരുകയാണെന്നും ഇതുവരെ 75 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളും തകർത്തതായും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് സേനാംഗങ്ങൾ കാണിക്കുന്ന ഉയർന്ന പോരാട്ടവീര്യത്തെയും കാര്യക്ഷമതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുത്, പുറത്തിറങ്ങുന്നവർ സുരക്ഷ മുൻനിർത്തി അതീവ ജാഗ്രത പാലിക്കണം. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിലോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായ ഇടങ്ങളിലോ പോകരുത്. സംശയാസ്പദമായ വസ്തുക്കളിൽ തൊടാൻ പാടില്ല. സൈനിക നീക്കങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്.
കിംവദന്തികളിൽ വിശ്വസിക്കുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും സർക്കാർ മാധ്യമങ്ങളിൽ നിന്നും വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക തുടങ്ങി നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനറൽ കമാൻഡ് ചില നിർദേശങ്ങളും അറിയിച്ചിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബി.ഡി.എഫ് ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും ബി.ഡി.എഫ് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.