മനാമ: മുഹമ്മദ് നബിയൂടെ മഹനീയ ജീവിതത്തെ മാതൃകയാക്കി മുന്നേറേണ്ടത് ഇസ്ലാമിക സമൂഹത്തിന്‍െറ കടമയാണെന്ന് വാഹത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍മൂസ അഭിപ്രായപ്പെട്ടു. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘പ്രവാചക ചര്യ സന്തുലിതമാണ്’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ദൈ്വമാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകന്‍െറ ജീവിതം പിന്തുടര്‍ന്നാണ് അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്. പ്രവാചക അധ്യാപനങ്ങള്‍ ലോകത്തിന് ആവശ്യമായ സമയമാണിതെന്നും സന്തുലിത ജീവിതാശയത്തെ പ്രബോധനം ചെയ്യേണ്ട മധ്യമ സമുദായമാണ് മുസ്ലിംകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുര്‍ആനും പ്രവാചകചര്യയും ചിലര്‍ അക്ഷരങ്ങളില്‍ വായിക്കുകയും മറ്റു ചിലര്‍ അക്ഷരങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തി ജീവിതം കുടുസ്സാക്കി മാറ്റുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകചര്യ സന്തുലിതമാണെന്നത് അറിയിക്കേണ്ടത് ബാധ്യതയായി ഏറ്റെടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കുവൈത്ത് കെ.ഐ.ജി എക്സിക്യൂട്ടീവ് അംഗം അന്‍വര്‍ സഈദ് വ്യക്തമാക്കി.
പ്രവാചകന്‍ സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കാണിച്ചു തന്നത്. ഏതെങ്കിലും ഗുഹകളില്‍ ഭജനമിരിക്കാനോ സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കാനോ അല്ല പ്രവാചകന്‍ പഠിപ്പിച്ചത്. മറിച്ച് സാമൂഹിക വിഷയങ്ങളെ ഏറ്റെടുത്ത് അവ പരിഹരിക്കാന്‍ മുമ്പന്തിയില്‍ നിലകൊണ്ടുവെന്നതാണ് മുഹമ്മദ് നബിയുടെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീര്‍ണതക്കും തീവ്രതക്കും എതിരായി സന്തുലിതമായ നിലപാടുകളാണ് എല്ലാ വിഷയത്തിലൂം പ്രവാചകന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ അല്‍മൂസയുടെ പ്രസംഗം വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി പരിഭാഷപ്പെടുത്തി.
കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സി.എം മുഹമ്മദലി കാമ്പയിനോടനുബന്ധിച്ച് നടത്തുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ടി.കെ ഫാജിസ് പ്രാര്‍ഥന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി.എ ബഷീര്‍ നന്ദിയും പറഞ്ഞു.
ഖലീല്‍ റഹ്മാന്‍ പരിപാടി നിയന്ത്രിച്ചു. കെ.എം മുഹമ്മദ്, സി. ഖാലിദ്, ഇ.കെ സലീം, വൈ.എം മൊയ്തു, മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത് അന്‍സാരി, ബഷീര്‍ കാവില്‍, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.