ബഹ്റൈനിൽ കർശന നിയന്ത്രണങ്ങളോടെ ഗർഭഛിദ്രത്തിന് അനുമതി നൽകാൻ ശുപാർശ

മനാമ: ഗർഭച്ഛിദ്രം സംബന്ധിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള നിലവിലെ നിയമങ്ങൾ പരിഷ്കരിക്കാനുള്ള നിർദേശത്തിന് ബഹ്‌റൈൻ ശൂറ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. എം.പി ലീന ഖാസിം, ഡോ. ജമീല അൽ സൽമാൻ എന്നിവരടക്കം അഞ്ച് അംഗങ്ങൾ സമർപ്പിച്ച ഭേദഗതി നിർദേശത്തിനാണ് അംഗീകാരം.

ഗവൺമെന്‍റ് ഈ നിർദേശം ഔദ്യോഗിക നിയമമായി കരട് തയാറാക്കിയ ശേഷം പാർലമെന്‍റിന്‍റെയും ശൂറ കൗൺസിലിന്‍റെയും അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഗർഭധാരണം അമ്മയുടെ ജീവന് ഗുരുതരമായ ഭീഷണിയാകുമ്പോഴോ, ജനനശേഷം കുഞ്ഞിന് ജീവിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടെന്ന് മെഡിക്കൽ വിദഗ്ധർ സ്ഥിരീകരിക്കുന്നതോ ആയ സാഹചര്യങ്ങളിൽ മാത്രമാണ് ഗർഭച്ഛിദ്രം അനുവദിക്കുക.

ഒബ്‌സ്റ്റട്രിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ മേഖലകളിലെ മൂന്ന് കൺസൾട്ടന്‍റുമാർ അടങ്ങുന്ന സമിതിയുടെ മെഡിക്കൽ റിപ്പോർട്ട് ഇതിനായി നിർബന്ധമാണ്. മാതാപിതാക്കളുടെ സമ്മതം, അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ മാത്രം ചികിത്സ, ഗർഭകാലത്തിന്‍റെ 120 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണം തുടങ്ങിയ നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

1989ന് ശേഷം വൈദ്യശാസ്ത്രരംഗത്തുണ്ടായ വലിയ പുരോഗതി കണക്കിലെടുക്കുമ്പോൾ ഈ നിയമഭേദഗതി അനിവാര്യമാണെന്ന് ശൂറ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. ഇസ്‌ലാമിക കാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ, സുപ്രീം കൗൺസിൽ ഫോർ വിമൻ, ആരോഗ്യ മന്ത്രാലയം, നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നിവയുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഈ നിർദേശം സമർപ്പിച്ചത്.

Tags:    
News Summary - Recommendation to allow abortion in Bahrain with strict restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.