ബ്രിട്ടീഷുകാരുടെ ഭരണ വാഴ്ചയിൽനിന്ന് മോചനം നേടി സ്വതന്ത്രമായതിന്റെ സന്തോഷ വേളയിലാണ് നാം. 79 വർഷത്തിന്റെ നിറവിലെത്തിനിൽക്കുമ്പോഴും പിന്നിട്ട കാലത്തെ അഭിമാനത്തോടെ മാത്രമേ ഓരോ ഇന്ത്യക്കാരനും നോക്കിക്കാണുന്നുള്ളൂ.ഓരോ കാലവും രാജ്യത്തിന്റെ വളർച്ചയെ മാത്രം രേഖപ്പെടുത്തിയാണ് കഴിഞ്ഞുപോകുന്നത്. സാമ്പത്തികമായും ഘടനാപരമായും രാജ്യം വളരുകയാണ്. ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി അനേകം മേഖലയിൽ ഇന്ത്യക്ക് അവിസ്മരണീയ വളർച്ചകളുണ്ടായി. ഇന്ത്യയെ ലോക രാജ്യങ്ങൾക്കിടയിൽ ഒരു പ്രധാനിയായി ഇക്കാലയളവ് അടയാളപ്പെടുത്തിയിട്ടുണ്ട്.
സംരംഭകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കിയും പ്രവാസികളെ പരിഗണിച്ചും രാജ്യം ചേർത്തുപിടിച്ചിട്ടുണ്ട്. ഇന്നും അത് തുടരുന്നുമുണ്ട്. രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനിച്ചും ഇന്ത്യക്കാരനെന്ന ഖ്യാതി മുറകെപ്പിടിച്ചും രാജ്യത്തിന്റെ പ്രശസ്തിക്കും പ്രൗഢിക്കും വേണ്ടി നമുക്ക് ഇനിയും പ്രയത്നിക്കാം. എല്ലാവർക്കും എന്റെയും ആർ.പി ഗ്രൂപ് ഓഫ് കമ്പനീസിന്റെയും സ്വാതന്ത്ര്യദിനാശംസകൾ.
ഡോ. രവി പിള്ള (ആർ.പി ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ)
സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം; സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേടിയ പുതുവെളിച്ചം
ഇരുൾ നിറഞ്ഞ കാലത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം ഇന്ത്യയിലാകെ പ്രകാശിക്കാൻ തുടങ്ങിയിട്ട് 79 ആണ്ടുകൾ പിന്നിടുന്നു. മതേതരത്വത്തോടെയും സാഹോദര്യത്തോടെയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യക്കുണ്ടായ നേട്ടങ്ങളിൽ അഭിമാനിക്കുന്നവരാണ് നാമോരോരുത്തരും.
അലി കെ. ഹസൻ (ചെയർമാൻ, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ, ബഹ്റൈൻ)
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയുടെ സാമൂഹിക സൂചകങ്ങളിൽ ഗണ്യമായ പുരോഗതിയാണുണ്ടായത്. സാക്ഷരത നിരക്ക്, ആയുർദൈർഘ്യം എന്നിവയിലെ നേട്ടം, ശിശുമരണ നിരക്കിൽ ഗണ്യമായ കുറവ്, അതി ദാരിദ്ര്യം ഇല്ലാതെയായത് തുടങ്ങിയവയിൽ രാജ്യത്തെ ഏറെ മുന്നിലെത്തിച്ചു. സാമ്പത്തിക വളർച്ചയും സാങ്കേതിക മുന്നേറ്റങ്ങളും ഒരു രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന സൂചകങ്ങളാണെങ്കിലും, ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെയും യഥാർഥ അളവുകോൽ അതിന്റെ പൗരന്മാരുടെ ജീവിതനിലവാരത്തിലെ വ്യക്തമായ പുരോഗതിയിലാണ്.
മാനുഷിക വികസന സൂചകങ്ങളിലെ ഈ നാടകീയമായ നല്ല മാറ്റങ്ങൾ, ഇന്ത്യയുടെ യാത്ര എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നെന്നും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച പ്രവേശനം നൽകാനും കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.എല്ലാവർക്കും എന്റെയും അൽ നൂർ ഇന്റർനാഷനൽ സ്കൂളിന്റെയും സ്വാതന്ത്ര്യദിന സന്തോഷങ്ങൾ.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം നേടിയതിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെയും ഓർമപ്പെടുത്തലാണ് ഇന്ത്യൻ സ്വാതന്ത്ര്യദിനം. ഈ ദിനം രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള പ്രതിഫലനത്തിനും ഉതകുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങളെ ഈ ദിനം അനുസ്മരിപ്പിക്കുന്നു.
ഡോ. വർഗീസ് കുര്യൻ (വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ)
പരസ്പര സ്നേഹത്തോടെ സഹവർത്തിക്കേണ്ട പാഠങ്ങൾ ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്നത്തെ കാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികളിലൊന്ന് ആ സ്നേഹ പരിഗണനകളുടെ അപര്യാപ്തതകളാണ്. ഈ കാഴ്ചപ്പാടുകൾക്ക് മാറ്റം വരണം. അപ്പോൾ മാത്രമേ സമത്വ സുന്ദരമായ ഇന്ത്യ പിറവികൊള്ളുകയുള്ളൂ.എല്ലാവർക്കും എന്റെയും വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്പിന്റെയും സ്വാതന്ത്ര്യദിനാശംസകൾ.
എണ്ണമറ്റ പോരാട്ടങ്ങളുടെയും സ്വപ്നങ്ങളുടെയും ഫലമാണ് ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യം. വർണാഭമായ ഈ സ്വാതന്ത്ര്യത്തിൽ, നാനാത്വത്തിൽ ഏകത്വം എന്ന ഭാരതത്തിന്റെ ആത്മാവ് തുടിക്കുന്നുണ്ട്. ഇന്ത്യക്കാരായ നാം ഓരോരുത്തരും ഈ ഐക്യത്തിന്റെ ദീപശിഖ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള നിമിഷങ്ങൾകൂടിയാണ്.
കെ.ജി. ബാബുരാജൻ (ചെയർമാൻ ആൻഡ് ജനറൽ മാനേജർ, ബി.കെ.ജി ഹോൾഡിങ്സ് എസ്.പി.സി)
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാടിനെ നമുക്ക് സമ്മാനിച്ചതിൽ നമ്മുടെ രാജ്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളെ നമുക്ക് ഈ അവസരത്തിൽ ഓർക്കാം. രാജ്യത്തിന്റെ മഹത്തായ ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്തണം. ജാതി, മതം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ഒരുമിച്ചുനിൽക്കണം. സാമൂഹിക നീതി, സമത്വം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം. ഓരോ പൗരനും അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്ന ഒരു ഇന്ത്യയെ വാർത്തെടുക്കാൻ നമുക്ക് പരിശ്രമിക്കാം. എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! ജയ് ഹിന്ദ്!
79ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഈ അഭിമാന നിമിഷത്തിൽ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച ധീരതക്കും കാഴ്ചപ്പാടിനും നമ്മൾ സല്യൂട്ട് ചെയ്യുന്നു. പ്രവാസി ഇന്ത്യക്കാർക്ക്, ഇത് നമ്മുടെ പൈതൃകത്തെയും നമ്മളെ ഒരുമിപ്പിക്കുന്ന മൂല്യങ്ങളെയും കുറിച്ചുള്ള അഭിമാനകരമായ ഓർമപ്പെടുത്തലാണ്.
ഡോ. ഷരീഫ് എം. സഹദുല്ല (സി.ഇ.ഒ കിംസ് ഹെൽത്ത്)
ഒരു ഇന്ത്യൻ എന്ന നിലയിൽ, നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും ആഗോളതലത്തിലുള്ള സ്വാധീനവും വർധിക്കുന്നത് കാണുമ്പോൾ ഞാൻ അഭിമാനിക്കുന്നു. ബഹ്റൈനിലെ മികച്ച ആരോഗ്യ സേവന ദാതാക്കളായ കിംസ് ഹെൽത്തിൽ ഞങ്ങൾ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മികവോടെയും, ദയയോടെയും, സത്യസന്ധതയോടെയും സേവനം നൽകിവരുന്നു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരവും സന്തോഷകരവുമായ സ്വാതന്ത്ര്യദിനം ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.