മനാമ: രാജ്യത്തെ ഏതൊരു പ്രതിസന്ധിയെയും നേരിടാൻ സർക്കാറും പൊതുസമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ശൂറ കൗൺസിൽ അംഗം ഡോ. ജമീല അൽ സൽമാൻ. സാമൂഹിക പങ്കാളിത്തം എന്നത് കേവലം ഒരു ആശയമായി ഒതുങ്ങാതെ, പ്രായോഗിക ജീവിതത്തിന്‍റെ ഭാഗമാകണമെന്നും ബഹ്‌റൈൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർവ്യക്തമാക്കി.
പ്രതിസന്ധികൾ നേരിടുന്നത് സർക്കാറിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണരുത്. ഭരണകൂടവും പൗരന്മാരും പ്രവാസികളും ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴാണ് രാജ്യം ശക്തമാകുന്നത്. ബഹ്‌റൈൻ കോവിഡ് മഹാമാരിയെ നേരിട്ട രീതി ഇതിന് മികച്ച ഉദാഹരണമാണ്. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ പ്രശംസ പിടിച്ചുപറ്റാൻ ബഹ്‌റൈന് സാധിച്ചത് ഈ ഒത്തൊരുമ കൊണ്ടാണ്.
സാമൂഹിക പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ യുവാക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ പുതിയ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള സഹായമാവുന്നുണ്ട്. ആഭ്യന്തര മന്ത്രാലയവും പൊതുജനങ്ങളും തമ്മിലുള്ള തുറന്ന ആശയവിനിമയം രാജ്യത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായകമാണ്. ഭരണനേതൃത്വവും ജനങ്ങളും തമ്മിലുള്ള അഗാധമായ വിശ്വാസത്തിന്‍റെ പ്രതിഫലനമാണിതെന്നും അവർ കൂട്ടിച്ചേർത്തു. ഏതൊരു വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തിയുള്ള ശക്തമായ സ്ഥാപനങ്ങളും അവബോധമുള്ള ജനതയുമാണ് ബഹ്‌റൈന്റെ കരുത്തെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.