നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ

മനാമ: നിലക്കടല കഴിച്ചുകൊണ്ടിരിക്കേ ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസതടസ്സം നേരിട്ട അഞ്ച് വയസ്സുകാരന്റെ ജീവൻ രക്ഷപ്പെടുത്തി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാർ. ശ്വാസനാളത്തിൽ നിലക്കടലയുടെ അവശിഷ്ടങ്ങൾ കുടുങ്ങി വലതു ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം പൂർണമായി നിലച്ച നിലയിലാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

പീഡിയാട്രിക് വിഭാഗവും ഇ.എൻ.ടി വിഭാഗവും ചേർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ജനറൽ അനസ്തേഷ്യ നൽകി അടിയന്തര ബ്രോങ്കോസ്കോപ്പി നടത്താൻ തീരുമാനിക്കുകയായിരുന്നു. പരിശോധനയിൽ പ്രധാന ശ്വാസനാളത്തിൽ രണ്ട് നിലക്കടല കഷണങ്ങൾ കുടുങ്ങിക്കടക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ഓക്സിജൻ നില അപകടകരമാകും വിധം കുറഞ്ഞെങ്കിലും, യാതൊരുവിധ സങ്കീർണ്ണതകളുമില്ലാതെ ശ്വാസകോശത്തിൽ കുടുങ്ങിയ കടലകൾ പുറത്തെടുക്കാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു.

വിവിധ വകുപ്പുകളുടെ ഏകോപനവും അനസ്തേഷ്യ ടീമിന്റെ കൃത്യസമയത്തെ ഇടപെടലുമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ഇ.എൻ.ടി വിഭാഗം മേധാവി ഡോ. ദീന അൽ ശബീബ് പറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിലക്കടലയോ മറ്റ് ചെറിയ കട്ടിയുള്ള ആഹാരങ്ങളോ നൽകരുതെന്ന് മാതാപിതാക്കൾക്ക് മെഡിക്കൽ സംഘം കർശന മുന്നറിയിപ്പ് നൽകി. ഇത് ശ്വാസനാളം അടഞ്ഞുപോകാനും ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.

Tags:    
News Summary - Doctors saved the life of a child who faced breathing difficulties after a peanut got stuck in their windpipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.