ബഹ്റൈൻ ഡോക്ടർമാർക്ക് ഹമദ് രാജാവ് ഒരുക്കിയ സ്വീകരണത്തിൽനിന്ന്
മനാമ: രാജ്യത്തെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും അർപ്പണബോധത്തെയും നേട്ടങ്ങളെയും പ്രശംസിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.സാഖിർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും പൗരന്മാരും ആരോഗ്യമേഖലയിലെ പ്രമുഖരും പങ്കെടുത്തു. 1800 കളുടെ അവസാനം മുതൽ രാജ്യത്തിന്റെ ആരോഗ്യമേഖല വലിയ വളർച്ചയാണ് നേടിക്കൊണ്ടിരുന്നത്. ഇതിനുപിന്നിൽ ആരോഗ്യപ്രവർത്തകരുടെ സംഭാവനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരോഗ്യമേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ബഹ്റൈൻ ഡോക്ടർമാർ നൽകുന്ന സംഭാവനകളെ രാജാവ് അഭിനന്ദിച്ചു. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും ബഹ്റൈൻ വിദഗ്ധർക്ക് ലഭിക്കുന്ന അംഗീകാരവും അദ്ദേഹം എടുത്തുപറഞ്ഞു. രാജാവിന്റെ നിരന്തരമായ പിന്തുണക്ക് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് നന്ദി പറഞ്ഞു. എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ഈ പിന്തുണ സഹായിച്ചെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവായി പൗരന്മാരെ കാണുന്ന രാജാവിന്റെ കാഴ്ചപ്പാടിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ ആരോഗ്യമേഖല ഇക്കാലയളവിൽ സ്വന്തമാക്കിയ നേട്ടങ്ങൾ മന്ത്രി സൂചിപ്പിച്ചു.
ഇൻഫ്ലുവൻസയും കോവിഡ്-19ഉം കണ്ടെത്താനുള്ള പരിശോധനകളിൽ മികച്ച നിലവാരം പുലർത്തുന്നതിനുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ആരോഗ്യമേഖല സ്വന്തമാക്കിയിരുന്നു. കൂടാതെ മീസിൽസ്, റുബെല്ല രോഗങ്ങൾ രാജ്യത്തുനിന്ന് പൂർണമായി ഇല്ലാതാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു.ബഹ്റൈൻ ജനതയുടെ ജനിതക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു േഡറ്റാബേസ് തയാറാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുന്നു. സി.ആർ.ഐ.എസ്.പി.ആർ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിക്കിൾ സെൽ അനീമിയ ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. ഈ നേട്ടങ്ങൾ ബഹ്റൈന്റെ ആരോഗ്യമേഖലയുടെ വളർച്ചയെ സൂചിപ്പിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.