റിപ്പോർട്ടർ ടി.വി ഓഫീസിൽ പൊലീസ് കയറിയ സംഭവം; മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് ബഹ്‌റൈൻ ഇടത് കൂട്ടായ്മ

മനാമ: കേരളത്തിൽ റിപ്പോർട്ടർ ടി.വി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയിലും മാധ്യമപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ച നടപടിയിലും ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിൽ പുലർച്ചെ പൊലീസ് ഇരച്ചുകയറുകയും മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും ചെയ്ത സംഭവം സർക്കാറിന് നേരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു.

ഉന്നതതല രാഷ്ട്രീയ ആസൂത്രണമോ നിർദേശമോ ഇല്ലാതെ പൊലീസ് സ്വമേധയാ ഇത്തരമൊരു നടപടിക്ക് മുതിരില്ല. മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോൾ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചവർ, ഇന്ന് അധികാരത്തിൽ എത്തിയപ്പോൾ ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനമാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നതെന്ന് ചോദ്യവും ഉയർന്നു കഴിഞ്ഞു.

എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ നടന്ന പൊലീസ് നടപടിയുടെ സമയക്രമവും സാഹചര്യവും സംശയാസ്പദമാണ്. വിമർശനം ഉയരുമ്പോൾ മാധ്യമങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ സർക്കാറുകൾക്ക് ചേർന്നതല്ലെന്നും അധികാരം മാറുമ്പോൾ മാനദണ്ഡങ്ങൾ മാറരുതെന്നും, ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ബഹ്‌റൈൻ ഇടത് കൂട്ടായ്മ ആവശ്യപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം ഒരു സർക്കാരിനോ ഒരു പാർട്ടിക്കോ മാത്രം ബാധകമായ അവകാശമല്ല. അത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ജനാധിപത്യത്തിൻറെ നാലാം തൂണായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കിരാതമായ കടന്നു കയറ്റത്തിൽ ബഹ്റൈൻ ഇടത് പക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധവും അറിയിച്ചു.

Tags:    
News Summary - Bahraini left wing group says police raid on reporter's TV office an attack on press freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.